തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗത്തിനെതിരേ മരണക്കുറിപ്പില്‍ പരാമര്‍ശം;മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെല്‍ഫയർ സഹകരണ സംഘം മുൻ പ്രസിഡന്റ് എം.മോഹനകുമാറിന്റെ മരണക്കുറിപ്പില്‍ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയുള്‍പ്പെടെ ആറുപേർക്കെതിരെ പരാമർശം.

ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോഹനകുമാറിന്റെ മക്കള്‍ കൃപയും ഡോ.കൃഷ്ണയും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

മോഹനന്റെ മരണക്കുറിപ്പ് പുറത്ത് വിട്ടുകൊണ്ടാണ് കുടുംബം പരാതി നല്‍കിയത്. ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ കോഴക്കേസില്‍ കള്ളമൊഴി നല്‍കണമെന്ന് വെള്ളനാട് ശശി പിതാവിനെ നിർബന്ധിച്ചതായും, അദ്ദേഹം സിപിഎമ്മില്‍ ചേർന്നപ്പോള്‍ കൂടെ ചേരാൻ നിർബന്ധിച്ചിരുന്നതായും മക്കള്‍ പറയുന്നു.

സംഭവത്തില്‍ സമഗ്രമായി അന്വേഷണം നടത്തണമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 20-ന് രാവിലെ കാട്ടാക്കട അമ്ബൂരി തേക്കുപാറയിലെ സ്വന്തം റിസോർട്ടിന് പുറകിലാണ് മോഹനനെ തൂങ്ങിമരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയത്. നിക്ഷേപകർക്ക് പണം തിരിച്ച്‌ കൊടുക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സഹകരണസംഘത്തിനെതിരെ ഏറെനാളായി പ്രതിഷേധം നിലനിന്നിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തില്‍ 34 കോടി രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്.

ഇതിനു പിന്നാലെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. ബാങ്ക് ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ മോഹനൻ ഒളിവില്‍പോവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണക്കുറിപ്പിലെ ചില ഭാഗങ്ങള്‍:

മരണത്തിന്റെ ഉത്തരവാദി വെള്ളനാടി ശശി, കാട്ടാക്കട എ ആർ ബിനില്‍, അക്കൗണ്ടന്റ് മഞ്ജു, അശ്വതി, അർച്ചന, ശ്രീജ എന്നിവരാണ്. ഇവരാണ് 8 മാസമായി സംഘം തകരാൻ പോകുന്നുവെന്ന് പ്രചാരണം നടത്തിയത്. നിക്ഷേപകരെ കൊണ്ട് പണം പിൻവലിപ്പിച്ചു. 30 കുടുംബത്തിന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. ഞാനും ഭാര്യയും ചേർന്ന് ജോലി ചെയ്ത് ഉണ്ടാക്കിയ വസ്തുവകകളെല്ലാം കടബാധ്യതയിലായി. 25 വർഷമായി എന്നെ കേന്ദ്രീകരിച്ചായിരുന്നു ഈ മേഖലയിലെ പാർട്ടി പ്രവർത്തനം. കഴിഞ്ഞ 5 അസംബ്ലി, പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലായി കോടിക്കണക്കിന് രൂപയാണ് പലരുടെ പേരുകളിലുമായി എന്നെ കൊണ്ട് എടുപ്പിച്ചത്.

ഇതില്‍ 80 ശതമാനവും എന്റെ വസ്തുവകകള്‍ വിറ്റ് ഞാൻ തിരിച്ചടച്ചു. എന്റെ സഹായം വാങ്ങാത്തവർ നാട്ടില്‍ കുറവാണ്. ഒരു ദുഷ്പ്രചാരണത്തില്‍ എല്ലാം ഒലിച്ചുപോകുന്ന സാഹചര്യമാണ്. ഞാൻ ഇയാളുടെ കൂടെ സിപിഎമ്മില്‍ പോകാൻ വിസമ്മതിച്ചതു മുതല്‍ പണി തുടങ്ങിയെന്നുമാണ് കത്തിലെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *