തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവച്ച് തടി രക്ഷപ്പെടാനാണ് ശ്രമമെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍.
മന്ത്രിമാരെല്ലാം പരിശുദ്ധന്മാരല്ല. നൂറു ശതമാനം പരിപൂർണരുമാണെന്ന അഭിപ്രായവുമില്ല. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തിയില്ലെങ്കില്‍ വരാന്‍ പോകുന്ന ദുരന്തം ചിന്തിക്കുന്നതിനെക്കാള്‍ വലുതായിരിക്കുമെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് തിരുത്തണം. ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർ സംവിധാനങ്ങളും തിരുത്തപ്പെടണം. തുടർഭരണം താഴെതട്ടില്‍ അഹന്തയ്ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ അടിമുടി തിരുത്തല്‍ ആവശ്യപ്പെട്ട ഇസ്മയില്‍ ബംഗാളിലും തൃപുരയിലും പാർട്ടിക്ക് സംഭവിച്ചതിനെയും ഓർമിപ്പിച്ചു.
മുകള്‍ത്തട്ടു മുതല്‍ താഴെവരെ നേതാക്കള്‍ക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തില്‍ സിപിഎമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റുകയാണെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി രൂക്ഷവിമർശനം നടത്തിയിരുന്നു. തെറ്റായ പ്രവണതകള്‍ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റികളില്‍ സർക്കാരിനെതിരെയും പാർട്ടി നേതൃത്വത്തിന് എതിരെയും കടുത്ത വിമർശനങ്ങള്‍ ഉയർന്നിരുന്നു.