തിയറ്റര്‍ ഹാളിനു മുകളിലുള്ള വാട്ടര്‍ ടാങ്ക് തകര്‍ന്നു; സീലിങ് തകര്‍ന്ന് 4 പേര്‍ക്ക് പരുക്ക്

സിനിമാ പ്രദർശനത്തിനിടെ തിയറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് 4 പേർക്ക് പരുക്ക്. തിയറ്റർ ഹാളിനു മുകളിലുള്ള വാട്ടർ ടാങ്ക് തകർന്ന് സീലിങ് ഉള്‍പ്പെടെ പൊട്ടിവീണാണ് അപകടമുണ്ടായത്.ശനിയാഴ്ച വൈകിട്ട് ആറോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം.കുന്നോത്ത് സ്വദേശികളായ വിജില്‍ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്ബ് സ്വദേശികളായ ശരത് (29), സുബിഷ *25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനു മുകളില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി വെള്ളം ശേഖരിച്ച ടാങ്കാണ് തകർന്നത്. സ്ലാബും കെട്ടിടാവശിഷ്ടങ്ങളും ടാങ്കിലെ വെള്ളവും സിനിമ കാണാനെത്തിയവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വിജിലിന്റെ തലയിലാണ് കോണ്‍ക്രീറ്റ് സ്ലാബ് പതിച്ചത്. ഇദ്ദേഹത്തിന് സാരമായി പരുക്കേറ്റു.അപകടത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ആളുകളെ തിയറ്റർ പരിസരത്തുനിന്ന് മാറ്റി. അതേസമയം, അപകടമുണ്ടായപ്പോള്‍ തിയറ്റർ അധികൃതർ അലംഭാവം കാട്ടിയതായി പരാതി ഉയർന്നു. എമർജൻസി വാതില്‍ തുറക്കുകയോ എമർജൻസി ലൈറ്റ് ഓണ്‍ ചെയ്യുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *