വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 69 ‘ . അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റും ആരാധകർക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കാറുണ്ട് .
അത്തരത്തിലൊരു വാർത്തയാണ് എപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . വിജയ് ചിത്രത്തില്‍ മഞ്ജു വാര്യരും ഉണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എസ് എസ് മ്യൂസിക്കുമായുള്ള അഭിമുഖത്തില്‍ സംവിധായകൻ എച്ച് വിനോദുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് മഞ്ജു വാര്യർ സൂചന നല്‍കിയതിന് പിന്നാലെയാണ് ദളപതി 69 ല്‍ മഞ്ജു വാര്യർ ഉണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ ഉയർന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഭിമുഖത്തില്‍ എച്ച്. വിനോദിനൊപ്പമുള്ള അനുഭവങ്ങള്‍ നടി പങ്കുവെച്ചിരുന്നു. വിനോദിന്‍റെ തിരക്കഥാരചനയെയും മഞ്ജു പ്രശംസിച്ചിരുന്നു. അജിത്ത് നായകനായ തുനിവിന്‍റെ തിരക്കഥാകൃത്തും വിനോദ് തന്നെയായിരുന്നു. തുനിവിലെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് വിനോദ് പറഞ്ഞ ചില കാര്യങ്ങളും മഞ്ജു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. കൂടുതല്‍ മികച്ച രീതിയില്‍ അഭിനയിക്കാനാകുന്ന ചിത്രത്തില്‍ അവസരം തരുമെന്ന് എച്ച്. വിനോദ് പറഞ്ഞിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ വാക്കുകള്‍. ഇതിന് പിന്നാലെയാണ് ദളപതി 69 ല്‍ മഞ്ജുവും ഉണ്ടാകുമെന്ന റിപ്പോർട്ടുകള്‍ കാട്ടുതീ പോലെ പ്രചരിക്കുന്നത്.
അതേസമയം, മഞ്ജു വാര്യരോ ചിത്രത്തിൻ്റെ നിർമ്മാതാക്കളോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യർ ഇപ്പോള്‍ രജനികാന്തിന്റെ വേട്ടയ്യൻ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്. ഒക്ടോബർ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വേട്ടയ്യനിലെ ഇതുവരെ ഇറങ്ങിയ പാട്ടുകള്‍ എല്ലാം സൂപ്പർ ഹിറ്റുകളാണ്. ഇതില്‍ മഞ്ജു വാര്യരും രജനികാന്തും ആടിതിമര്‍ത്ത ‘മനസിലായോ’ കേരളത്തിലും ട്രെന്‍ഡിങ്ങായിരുന്നു.