പുതുക്കോട്ടയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ റൗഡി വെടിയേറ്റു മരിച്ചു. റൗഡിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസ് സബ് ഇൻസ്പെക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുച്ചിറപ്പള്ളി വണ്ണാർപ്പേട്ട സ്വദേശി എൻ. ദുരൈ എന്ന ദുരൈസാമി (40) ആണ് മരിച്ചത്. ഇയാളുടെപേരില്‍ പുതുക്കോട്ട, തഞ്ചാവൂർ ജില്ലകളിലായി കൊലപാതകം, കവർച്ച ഉള്‍പ്പെടെ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ദുരൈസാമിയുടെ കുത്തേറ്റു പരിക്കേറ്റ സബ് ഇൻസ്പെക്ടർ മഹാലിംഗത്തെ ആലങ്കുടി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
പുതുക്കോട്ട തിരുവരംകുളം വനമേഖലയില്‍ ദുരൈസാമി ഒളിവില്‍ താമസിച്ച് കൊലപാതകം ആസൂത്രണംചെയ്യുന്നതായി രഹസ്യവിവരം ലഭിച്ച ആലങ്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുത്തയ്യന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനെത്തിയതായിരുന്നു. പോലീസിനെ കണ്ടയുടൻ ദുരൈസാമി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് സബ് ഇൻസ്പെക്ടർ മഹാലിംഗത്തെ കുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് ആകാശത്തേക്കു വെടിവെച്ച് കീഴടക്കാൻ നോക്കിയെങ്കിലും ദുരൈസാമി പോലിസിനുനേരേ പ്രത്യാക്രമണം തുടർന്നു. ഒടുവില്‍ പ്രാണരക്ഷാർഥം ദുരൈസാമിക്കുനേരേ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുതന്നെ ദുരൈസാമി മരിച്ചു.