തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ. ഇന്നലെ തുടങ്ങിയ മഴ ഇന്നും ശക്തമായി തന്നെ തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ 24 ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്.
ശക്തമായ മഴയില്‍ തിരുനെല്‍വേലി മുങ്ങിയിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡില്‍ അടക്കം വെള്ളം കയറി. തിരുനെല്‍വേലി, തെങ്കാശി ജില്ലകളില്‍ വ്യാപകനാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍ ഉണ്ടായി. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതിപോസ്റ്റുകള്‍ നിലം പൊത്തുകയും ചെയ്തു. ഈ പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വീട്ടു സാധനങ്ങളുള്‍പ്പെടെ നശിച്ചു.
കത്തിപ്പാറ, പൂനമല്ലി, പോരൂര്‍, മധുരവോയല്‍, വ്യാസര്‍പാടി, ചെന്നൈ നഗരപ്രാന്തങ്ങളില്‍ റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി വിവിധയിടങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലും വില്ലുപുരത്തും കാവേരി ഡെല്‍റ്റ മേഖലയിലെ ചില പ്രദേശങ്ങളിലും ഇന്നലെ രാത്രി കനത്ത മഴ പെയ്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.