തന്നെ ശ്രദ്ധിക്കാതെ കാമുകനുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന അമ്മയെ 14 വയസ്സുകാരന്‍ കറിക്കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു.
മുംബൈയിലെ ചുനഭട്ടിയിലാണ് സംഭവം. അമ്മയുടെ വിവാഹേതരബന്ധത്തില്‍ മകന്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കേതിരേ ഭാരതീയന്യായ സംഹിത(ബിഎന്‍എസ്) സെക്ഷന്‍ 109 പ്രകാരം കൊലപാതക ശ്രമത്തിന് ചുനഭട്ടി പോലീസ് കേസെടുത്തു. 14കാരനെ കുട്ടികളുടെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് സംഭവം. അടുക്കളജോലിയില്‍ സഹായിക്കാന്‍ ഒന്‍പതാംക്ലാസില്‍ പഠിക്കുന്ന മകന്‍ അമ്മയെ വിളിച്ചു. എന്നാല്‍, ഈ സമയം അമ്മ കാമുകനുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ദേഷ്യം പ്രകടിപ്പിച്ച കുട്ടി അടുക്കളയില്‍നിന്ന് കത്തിയെടുത്തുവെന്ന് അമ്മയെ ഭീഷണിപ്പെടുത്തി. ഇത് വഴക്കില്‍ കലാശിക്കുകയും കുട്ടി അമ്മയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. കത്തികുത്തില്‍ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ ഇവര്‍ വീടിനു പുറത്തെത്തുകയും സഹായത്തിനായി അപക്ഷിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള പോലീസ് ചൗക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം അബോധാവസ്ഥയിലായ അവര്‍ പിന്നീട് അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതിയും ഭര്‍ത്താവും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. അമ്മയുടെ വിവാഹേതരബന്ധത്തെക്കുറിച്ച് മകന് നേരത്തെ അറിയാമായിരുന്നു. ഈ വിഷയത്തില്‍ അമ്മയോട് പലതവണ സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും മകന്റെ ആശങ്കകള്‍ അവഗണിച്ചതായി പോലീസ് പറഞ്ഞു.