കിളിമാനൂർ: തട്ടുകടകളിൽ നിന്നും പഴംപൊരി അപ്രത്യക്ഷമാകുന്നു. ഉള്ള കടകളിലാകട്ടെ പഴം പൊരിക്ക് ഡിമാൻഡും.നേന്ത്രക്കുലയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെയാണ് ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും പഴംപൊരി അപ്രത്യക്ഷമായത്.
നാട്ടിൻപുറങ്ങളിൽ വ്യാപകമായുള്ള തട്ടുകടകളിലെ പഴംപൊരിയുടെ വലിപ്പവും ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. നേന്ത്രപ്പഴത്തെ മാത്രം ആശ്രയിച്ച് നടത്തുന്ന ഒട്ടേറെ മൂല്യവർദ്ധിത ഉത്പാദന യൂണിറ്റുകളും കടുത്ത പ്രതിസന്ധിയിലാണ്.
15 കിലോയിൽ കൂടുതലുള്ള ശരാശരി ഒരു നേന്ത്രക്കുലയ്ക്ക് കർഷകന് ആയിരം രൂപയോളം വിലയാണ് ലഭിക്കുന്നത്. സാധാരണ വർഷങ്ങളിൽ വിളവെടുപ്പ് സീസണിൽ നേന്ത്രക്കായ കിലോയ്ക്ക് 20 രൂപയിലേക്ക് താഴാറാണ് പതിവ്. എന്നാൽ ഈ സീസണിൽ കിലോയ്ക്ക് അറുപതിൽ കുറഞ്ഞിട്ടില്ല. ആഭ്യന്തര ഉത്പാദനം കുറഞ്ഞതാണ് നേന്ത്രക്കായ വില ഉയരാൻ കാരണം.വന്യമൃഗശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നേന്ത്രക്കായ കിട്ടാനില്ലാതെയായി.കഴിഞ്ഞ മൂന്ന് മാസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 70 മുതൽ 80 രൂപ വരെയാണ് കിലോയ്ക്ക് വില.