കാഞ്ഞങ്ങാട് സൗത്ത് നിവാസികളുടെ വർഷങ്ങളുടെ മുറവിളിക്കുശേഷം സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളുടെ സ്വപ്നമായ സൗത്ത് സ്കൂളിന് സമീപത്തായുള്ള മേല്‍പാലത്തിനുള്ള നടപടികളാരംഭിച്ചു.
റെയില്‍വേ എൻജിനീയർ കെ. സന്ദീപ് കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. മേല്‍പാലത്തിന് റെയില്‍വേ പച്ചക്കൊടി കാണിച്ചതോടെ വലിയ സന്തോഷത്തിലാണ് പാളത്തിന് ഇരുവശത്തും കഴിയുന്നവർ. സ്കൂളിലെ നൂറുകണക്കിന് കുട്ടികള്‍ രാവിലെയും വൈകീട്ടും മറ്റു മാർഗമില്ലാത്തതിനാല്‍ പാളം കടക്കുന്നത് വലിയ അപകടഭീതി ഉയർത്തിയിരുന്നു. അപകടസാധ്യത ചൂണ്ടിക്കാട്ടി ‘മാധ്യമം’ഉള്‍പ്പെടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിരവധിപേർ പാളം കടക്കവെ അപകടത്തില്‍ മരിച്ചിട്ടുണ്ട്. സുഹൃത്തുക്കളായ രണ്ടുപേർ അടുത്തിടെയാണ് ഇവിടെ ട്രെയിൻതട്ടി മരിച്ചത്. തീരദേശത്തുള്ളവർ ദേശീയപാത സൗത്തിലുള്‍പ്പെടെ എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ റെയില്‍പാളമാണ്.
കാഞ്ഞങ്ങാട് നഗരസഭയുടെയും മറ്റു ജനപ്രതിനിധികളുടെയും സ്കൂള്‍ വികസനസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഭാഗമായാണ് പദ്ധതിയുടെ നടപടി ആരംഭിച്ചത്.
തടസ്സങ്ങള്‍ നീങ്ങി പദ്ധതി യാഥാർഥ്യമാകുന്ന സന്തോഷത്തിലാണിപ്പോള്‍ വിദ്യാർഥികള്‍. കാഞ്ഞങ്ങാട് നഗരസഭ വികസന ഫണ്ടുപയോഗിച്ച് റെയില്‍വേയുടെ സഹായത്താല്‍ പദ്ധതി പെട്ടെന്ന് യാഥാർഥ്യമാക്കാൻ കഴിയുമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന സ്ഥലം കഴിഞ്ഞദിവസം റെയില്‍വേയുടെ പ്രതിനിധി സന്ദർശിച്ചപ്പോള്‍ നഗരസഭ ചെയർപേഴ്സൻ, വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുല്ല, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. ലത, കെ. പ്രഭാവതി, കെ. അനീശൻ, കൗണ്‍സിലർ അബ്ദുറഹ്മാൻ, സ്കൂള്‍ പ്രധാനാധ്യാപകൻ അബ്ദുല്‍ബഷീർ, പൊതുപ്രവർത്തകരായ എ. ശബരീശൻ, കെ.വി. ദാമോദരൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.