മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്‌ച നടന്നേക്കും. ഇന്നലെ രാത്രിയോടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യത്തില്‍ ആദ്യ സൂചനകള്‍ നല്‍കിയത്.
ശനിയാഴ്‌ചയായിരിക്കും മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക എന്നായിരുന്നു ഇന്നലെ അർധരാത്രി മാധ്യമങ്ങളോട് സംസാരിക്കവേ കെസി വ്യക്തമാക്കിയത്.
എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ നാളെയായായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മൻമോഹൻ സിംഗിന്റെ നിര്യാണം കണക്കിലെടുത്ത് കേന്ദ്രസർക്കാർ രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇന്ന് നടത്താനിരുന്ന ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി.
മൻമോഹൻ സിംഗിന്റെ മകള്‍ വിദേശത്ത് നിന്ന് ഡല്‍ഹിയില്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ നിന്ന് ഭൗതിക ശരീരം അദ്ദേഹത്തിന്റെ ഡല്‍ഹി ജൻപതിലെ വസതിയില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മൻമോഹൻ സിംഗിന്റെ വസതിയില്‍ എത്തി അന്തിമോപചാരം അർപ്പിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം മൻമോഹൻ സിംഗിന് അനുശോചനം അറിയിക്കും. മൻമോഹൻ സിംഗിന്റെ മരണത്തിനെ തുടർന്ന് കോണ്‍ഗ്രസ് എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കർണാടകയിലെ ബെലഗാവിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ഉള്‍പ്പെടെ റദ്ദാക്കി.
അതേസമയം, ലോക നേതാക്കള്‍ ഉള്‍പ്പെടെ മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. മാലിദ്വീപ്, അഫ്‌ഗാനിസ്ഥാൻ എന്നിവയുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അദ്ദേഹത്തിൻ്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി, മൻമോഹൻ സിംഗിന്റെ സംഭാവനകളും അവരുടെ രാജ്യങ്ങളുമായുള്ള ഊഷ്‌മളമായ ബന്ധവും എടുത്തുപറഞ്ഞു കൊണ്ടായിരുന്നു അനുസ്‌മരണം.
രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരും മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ചു രംഗത്ത് വന്നിരുന്നു. മുൻ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ, മുൻ ജർമൻ കൗണ്‍സിലർ ആഞ്ചെല മെർക്കല്‍ എന്നിവരും മൻമോഹൻ സിംഗിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഇരുവരും മൻമോഹൻ സിംഗിനെ കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവയ്ക്കുകയും ചെയ്‌തു.
അതേസമയം, ദീർഘനാളായി അസുഖ ബാധിതനായ മൻമോഹൻ സിംഗ് ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് സ്വവസതിയില്‍ കുഴഞ്ഞുവീണത്. തുടർന്ന് അദ്ദേഹത്തെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9.50ഓടെ മരണം സംഭവിക്കുകയായിരുന്നു. 2004 മുതല്‍ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായി സേവനം അനുഷ്‌ഠിച്ച വ്യക്തിയായിരുന്നു ഡോ. മൻമോഹൻ സിംഗ്.