താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയില്‍ ഒ.പി പരിശോധനക്ക് രോഗികള്‍ക്ക് പെടാപ്പാട്. ഡോക്ടർമാരുടെ കുറവും അനാസ്ഥയും രോഗികളെ വലക്കുകയാണ്.
ഗത്യന്തരമില്ലാതെ മറ്റ് ആശുപത്രികളെ തേടിപ്പോകുന്നതും പതിവായി.
ദിവസവും രാവിലെ 11 ആകുമ്ബോഴേക്കും 500ലേറെ രോഗികള്‍ എത്താറുണ്ട്. തിങ്കളാഴ്ച പ്രധാന ഒ.പിയില്‍ മൂന്നു ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ കൃത്യമായി രോഗികളെ നോക്കിയത് ഒരാള്‍ മാത്രം. സ്പെഷലിസ്റ്റ് ഒ.പിയില്‍ ദന്ത ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇ.എൻ.ടി, എല്ല് ഡോക്ടർമാരെ കാണാൻ നിരവധി രോഗികള്‍ എത്തിയിരുന്നുവെങ്കിലും ഡോക്ടർമാർ വൈകി എത്തുകയും നേരത്തേ പോകുകയും ചെയ്തു. ഇതോടെ നിരവധി രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിയും വന്നു.
ആശുപത്രിയുടെ പഴയ ബ്ലോക്കിലാണ് ഇപ്പോള്‍ ഒ.പി പ്രവർത്തിപ്പിക്കുന്നത്. നിന്നുതിരിയാൻ ഇടമില്ലാത്ത ഇവിടെ കുറെ കസേരകളും നിരത്തിയിട്ടുണ്ട്. പരിശോധന മുറിക്ക് മുന്നില്‍ രോഗികള്‍ തിങ്ങിനില്‍ക്കുകയാണ്. മണിക്കൂറുകള്‍ കാത്തുനിന്ന നിരവധി രോഗികള്‍ തിങ്കളാഴ്ച തളർന്നുവീണ സാഹചര്യമുണ്ടായി. ഒ.പി ബ്ലോക്ക് പഴയ കെട്ടിടത്തിലേക്ക് തന്നെ താല്‍ക്കാലികമായി മാറ്റിയതിന് അധികാരികള്‍ പല ന്യായങ്ങളും പറയുന്നുണ്ടെങ്കിലും രോഗികള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണ്. സമീപത്ത് ആധുനിക രീതിയിലുള്ള കെട്ടിടങ്ങള്‍ ഉള്ളപ്പോഴാണ് ഒ.പി രോഗികള്‍ക്ക് അതിന്റെ ഗുണം കിട്ടാതെവരുന്നത്. ഇ.എൻ.ടി, കുട്ടികളുടെ വിഭാഗം, എല്ല്, ഗൈനക്കോളജി എന്നിങ്ങനെയുള്ള സേവനങ്ങള്‍ പ്രതീക്ഷിച്ചാണ് കൂടുതല്‍ രോഗികള്‍ എത്തുന്നത്. എന്നാല്‍, കൃത്യമായ പരിശോധന ലഭ്യമാകാൻ സ്വകാര്യ ക്ലിനിക്കുകളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. മുനിസിപ്പാലിറ്റിയിലാണെങ്കിലും ആശുപത്രി നിയന്ത്രണം ബത്തേരി ബ്ലോക്ക് പഞ്ചായത്തിനാണ്. ഒ.പി കാര്യക്ഷമമാക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റെ അടിയന്തര ശ്രദ്ധയാണ് ഉണ്ടാവേണ്ടത്.