ഡേറ്റിങ് ആപ്പിലൂടെ കെണി, സ്വവര്‍ഗാനുരാഗിയാണെന്ന് പറയിപ്പിച്ച്‌ വീഡിയോ പകര്‍ത്തി ഭീഷണി,സംഘം പിടിയില്‍

 ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച്‌ വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റു ചെയ്തു.ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.

കോഴിക്കോട് കല്ലായി പൂച്ചങ്ങല്‍ വീട്ടില്‍ അജ്മല്‍ (23), മലപ്പുറം മമ്ബാട് നിലമ്ബൂർ കീരിയത്തു വീട്ടില്‍ ഫർഹാൻ (23), നിലമ്ബൂർ അരിവക്കോട് മേലേപുത്തൻവീട്ടില്‍ അനന്തു (22), മലപ്പുറം എടക്കര കാർക്കുയില്‍ വീട്ടില്‍ മുഹമ്മദ് സിബിനു സാലി (23), കണ്ണൂർ ഉരുവച്ചാല്‍ അടിയോട് വീട്ടില്‍ റയാസ് (26), മട്ടന്നൂർ ഫാത്തിമ മൻസില്‍ സമദ് (27) എന്നിവരെയാണ് തൃക്കാക്കര സി.ഐ. എ.കെ. സുധീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: ഡേറ്റിങ് ആപ്പിലൂടെ കെണിയില്‍പ്പെടുത്തിയ യുവാവിനെ പ്രതികള്‍ താമസിച്ചിരുന്ന കാക്കനാട് പടമുകളിലെ വീടിനു സമീപത്തേക്ക് രാത്രി വിളിച്ചുവരുത്തി മർദിച്ച്‌ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. താൻ സ്വവർഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിക്കുന്ന വീഡിയോ ഇവർ പകർത്തുകയും ചെയ്തു.

ഈ വീഡിയോ വാട്സാപ്പ് വഴി പ്രചരിപ്പിക്കാതിരിക്കാൻ ഒരുലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി. അടുത്ത ദിവസം വൈകീട്ട് പണം നല്‍കാമെന്നു സമ്മതിച്ചതോടെ യുവാവിനെ വിട്ടയച്ചു.

വീട്ടിലെത്തിയ യുവാവ് സംഭവം പിതാവിനെ അറിയിച്ചതോടെ വീട്ടുകാർ തൃക്കാക്കര പോലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുപേരും വലയിലായത്.

പ്രതികളില്‍നിന്ന് പത്ത് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. സംഘം ഡേറ്റിങ് ആപ്പിലൂടെ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *