ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ പ്ലേറ്റ് ലെറ്റിന് ക്ഷാമം. ദിനംപ്രതി നിരവധി പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്.
12 ദിവസത്തിനിടെ 68 പേർക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഡെങ്കി ബാധിതർക്ക് രക്തത്തില്‍ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുമെന്നതിനാല്‍ ഇവ കയറ്റിയാല്‍ മാത്രമേ വേഗം സുഖം പ്രാപിക്കൂ. എന്നാല്‍ ജില്ലയിലെ ബ്ലഡ് ബാങ്കുകളില്‍ രക്തം എത്തുന്നത് കുറവായതിനാല്‍ പ്ലേറ്റ് ലെറ്റ് കിട്ടാനില്ല. സ്വമേധയാ രക്തം ദാനം ചെയ്യുന്നവർ കുറവാണ്. അങ്ങനെ വരുന്നവരില്‍ അസുഖങ്ങളുണ്ടെങ്കില്‍ രക്തം ശേഖരിക്കാൻ സാധിക്കില്ല.
ജലദോഷം ഉണ്ടെങ്കില്‍ പോലും രക്തം എടുക്കില്ല. സ്വമേധയാ രക്തം നല്‍കുന്നവർ കുറഞ്ഞതിനൊപ്പം ചെറുപ്പക്കാർക്കിടയില്‍ ടാറ്റൂ സംസ്കാരം വളർന്നതും രക്തദാനത്തിന് തിരിച്ചടിയായതായി ബ്ലഡ് ഡൊണേഷൻ കേരള ജില്ല സെക്രട്ടറി ആർ. സതീഷ് പറഞ്ഞു. ടാറ്റൂ അടിച്ചാല്‍ ഒരുവർഷം വരെ രക്തദാനം നടത്താനാവില്ല. നിലവില്‍ പകർച്ചാവ്യാധികളും പടരുന്നതിനാല്‍ രക്തം കിട്ടാൻ പ്രയാസമായി. ജില്ല ആശുപത്രി, കോഓപറേറ്റിവ് ആശുപത്രി, സൂര്യ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലാണ് രക്തം ശേഖരിച്ച് സൂക്ഷിച്ചുവക്കാറുള്ളത്. ഒരാഴ്ച വരെയാണ് രക്തം സൂക്ഷിച്ചുവക്കുക.
ക്ഷാമം ഉള്ളതിനാല്‍ ഡെങ്കി, പ്രസവം, അപകടം തുടങ്ങി അടിയന്തരഘട്ടങ്ങളില്‍ രക്തം എത്തിക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ രക്തദാന ക്യാമ്ബില്‍ 40 പേർ പങ്കെടുത്തെങ്കിലും അസുഖങ്ങള്‍മൂലം 30 പേരുടെ രക്തം എടുക്കാനായില്ല. ബോധവത്കരണ കാമ്ബയിനുകള്‍ നടത്തുന്നുണ്ടെങ്കിലും രക്തദാനത്തിന് താല്‍പര്യമുള്ളവർ കുറവാണ്.
നിലവില്‍ എല്ലാ ഗ്രൂപ്പുകളിലുള്ള രക്തത്തിനും ക്ഷാമമുണ്ട്. പ്ലേറ്റ് ലെറ്റുകള്‍ കയറ്റാൻ വൈകുന്നത് ഡെങ്കിപ്പനി ഭേദമാകാൻ കാലതാമസം ഉണ്ടാക്കും. പ്ലേറ്റ് ലെറ്റിനായി രോഗികളുടെ സമാനഗ്രൂപ്പുള്ള ആളുകളെ തേടി അലയേണ്ട സ്ഥിതിയാണ്.