ഡെങ്കിപ്പനി പ്രതിരോധത്തില്‍ വീഴ്ച; കളമശ്ശേരി നഗരസഭ അധ്യക്ഷയെ പ്രതിപക്ഷം ഉപരോധിച്ചു

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളില്‍ വീഴ്ച വരുത്തിയതിലും വിഷയം കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതിലും പ്രതിഷേധിച്ച്‌ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ചെയർപേഴ്സൻ സീമ കണ്ണനെ ഉപരോധിച്ചു.ഉപരോധത്തിനിടെ വനിത കൗണ്‍സിലർമാരും ചെയർപേഴ്സനും തമ്മില്‍ പിടിവലിയുണ്ടാവുകയും ഭരണകക്ഷി അംഗം ജെസ്സി പീറ്റർ താഴെ വീഴുകയും ചെയ്തു. കൗണ്‍സില്‍ തുടങ്ങി അജണ്ട വായിക്കാൻ തുടങ്ങുന്നതിനിടെ പ്രതിപക്ഷം എതിർപ്പുമായെഴുന്നേറ്റു. ഡെങ്കിപ്പനി വ്യാപകമായിരിക്കെ വിഷയം ചർച്ച ചെയ്യാൻ അടിയന്തിര കൗണ്‍സില്‍ വിളിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗം വിളിച്ചുകൂട്ടുകയോ വിളിച്ച്‌ ചേർത്ത കൗണ്‍സില്‍ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തുകപോലും ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്.പിന്നാലെ നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ അധ്യക്ഷയുടെ മൈക്കും ഓഫാക്കി. അതോടെ അധ്യക്ഷ ഡയസില്‍ നിന്ന് ഇറങ്ങാൻ ശ്രമിച്ചതോടെ പ്രതിപക്ഷ വനിത കൗണ്‍സിലർമാർ തടഞ്ഞു. അത് പിടിവലിയില്‍ അവസാനിക്കുകയായിരുന്നു.മുതിർന്ന കൗണ്‍സിലർമാർ ഇടപ്പെട്ട് രംഗം ശാന്തമാക്കിയതോടെ ഉപരോധത്തില്‍ നിന്നു വനിത കൗണ്‍സിലർമാർ പിന്മാറി. അതോടെ അധ്യക്ഷ ഇറങ്ങിപ്പോയി. സംഭവത്തില്‍ അധ്യക്ഷ സീമ കണ്ണൻ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നല്‍കി. കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ മുമ്ബോകൊണ്ടു പോകാൻ അനുവദിച്ചില്ലെന്നും മൈക്ക് തട്ടിപ്പറിച്ച്‌ ഓഫ് ചെയ്യുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തവർക്കെതിരെ പട്ടികജാതി അതിക്രമത്തില്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *