തദ്ദേശസ്വയംഭരണ വാര്‍ഡ് വിഭജനത്തിനായി സര്‍ക്കാർ രൂപീകരിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ആദ്യ യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസില്‍ ചേര്‍ന്നു.
കമ്മീഷന് ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെ/ വാര്‍ഡുകളുടെ പുനര്‍വിഭജനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളുടെ കരട് യോഗം ചര്‍ച്ച ചെയ്തു.
ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. കമ്മീഷന് ഓഫീസ് കെട്ടിടം, ഓഫീസിന് ആവശ്യമായ ജീവനക്കാർ, ഫണ്ട്, മറ്റ് ഓഫീസ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ യോഗം അംഗീകരിച്ചു. പുനര്‍വിഭജനത്തിന് വേണ്ടിയുള്ള വാര്‍ഡ് മാപ്പിംഗിന് ഇന്‍ഫര്‍മേഷൻ കേരളമിഷൻ വികസിപ്പിച്ച ക്യൂഫീല്‍ഡ് എന്ന ആപ്ളിക്കേഷൻ പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു.
കമ്മീഷന് അംഗങ്ങളായ ഐ.ടി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തന്‍ യു. ഖേല്‍ക്കർ, പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇന്‍ഫര്‍മേഷൻ പബ്ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, തൊഴില്‍ നൈപുണ്യ, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി , കമ്മീഷന് സെക്രട്ടറി എസ്.ജോസ്നമോള്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.