ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഈ ആഴ്‌ചയില്‍ മൂന്നാമത്തെ തവണയാണ് ഭീഷണി സന്ദേശം സ്‌കൂളുകളില്‍ എത്തുന്നത്.
ഇമെയില്‍ വഴിയാണ് ഭീഷണി എത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ഇന്നലെ നഗരത്തിലെ ഏകദേശം 30 സ്വകാര്യ സ്‌കൂളുകളില്‍ ബോംബ് വയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ വന്നിരുന്നു. തിങ്കളാഴ്‌ചയും 44 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായി. ഡിസംബർ 13, 14 തീയതികളില്‍ സ്‌ഫോടനം നടക്കുമെന്ന മുന്നറിയിപ്പാണ് സന്ദേശങ്ങളിലുണ്ടായിരുന്നത്. കെട്ടിടങ്ങളെയും ആളുകളെയും തകർക്കാൻ കെല്‍പ്പുള്ള ധാരാളം സ്ഫോടക വസ്‌തുക്കള്‍ സ്‌കൂള്‍ പരിസരത്ത് ഉണ്ടെന്നും അതില്‍ പറയുന്നുണ്ട്. ഈ ദൗത്യത്തിന് ഒരു ‘രഹസ്യ ഡാർക്ക് വെബ്’ ഗ്രൂപ്പ് ഉണ്ടെന്നും ഇമെയിലില്‍ പറയുന്നു.
സ്‌കൂളുകളിലേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ ബാഗുകള്‍ നിങ്ങള്‍ പരിശോധിക്കില്ലെന്നറിയാം, ചില സ്‌കൂളുകളില്‍ വിദ്യാർത്ഥികള്‍ക്കൊപ്പം മാതാപിതാക്കളും മീറ്റിംഗിനായി എത്തും എന്നതുള്‍പ്പെടെ ഭീഷണി സന്ദേശത്തിലുണ്ട്.