ഡയറ്റെന്ന് പറഞ്ഞ് പട്ടിണി കിടക്കല്ലേ, ഇങ്ങനെ ചെയ്യാന്‍ മറക്കരുത്

ഡയറ്റ് തുടങ്ങുമ്ബോള്‍ തന്നെ കഴിച്ചിരുന്ന ഭക്ഷണമെല്ലാം പാടെ ഉപേക്ഷിച്ച്‌ മെലിയാം എന്ന തെറ്റിദ്ധാരണ ഉണ്ടോ? എന്നാല്‍ ഇത്തരക്കാരെ കാത്തിരിക്കുന്നത് വലിയ അപകടം ആണ്.

ഭക്ഷണം കഴിച്ച്‌ തന്നെയാണ് ഡയറ്റ് എടുക്കേണ്ടത്.

ഡയറ്റ് എടുക്കുമ്ബോള്‍ കഴിച്ചിരുന്ന ഭക്ഷണത്തിന്റെ അളവില്‍ വ്യത്യാസം വരും. അതിനാല്‍ തന്നെ തീര്‍ച്ചയായും ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കേണ്ട ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അല്ലാത്ത പക്ഷം ഏറെ ക്ഷീണം ആണ് അനുഭവപ്പെടുക.

ആരോഗ്യമായി തന്നെ ഡയറ്റ് പിന്തുടരുന്നതാണ് ഏറെ ഉത്തമം. ഡയറ്റ് സമയത്ത് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടായിരിക്കണം തടി കുറക്കേണ്ടത്.

ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം:

ചെറുപയര്‍

പ്രോട്ടീന്‍ സമ്ബുഷ്ടമാണ് ചെറുപയര്‍. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഴിച്ചാല്‍ വയറിന് പൂര്‍ണത നല്‍കുമെന്നതിനാല്‍ ഇടയ്ക്കിടെ വിശപ്പ് എന്ന തോന്നല്‍ ഉണ്ടാകില്ല. പരിപ്പും പ്രോട്ടീന്‍ സമ്ബന്നമായ ഭക്ഷണമാണ്.

പനീര്‍

പെജിറ്റേറിയന്‍സിന് ഏറ്റവും പ്രീയപ്പെട്ട ഭക്ഷണമായിരിക്കും പനീര്‍. പനീര്‍ പ്രോട്ടീനൊപ്പം കാത്സ്യം മറ്റ് പോഷകങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ബി 12, ഡി തുടങ്ങിയ വിറ്റാമിനുകളും ഇവയില്‍ ഉണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഗ്രില്‍ ചെയ്‌തോ കറിയായോ ചപ്പാത്തിപ്പോലുള്ള ഭക്ഷണത്തിനൊപ്പമോ എല്ലാം പനീര്‍ ധാരാളം കഴിക്കാം. കഴിക്കുന്നവര്‍ക്ക് വലിയ മടുപ്പ് തോന്നാത്ത ഒരാഹാരം കൂടിയാണ് പനീര്‍.

ക്വിനോവ

നമ്മുടെ നാട്ടില്‍ പൊതുവോ ക്വിനോവ ഉപയോഗിക്കുന്നത് കുറവാണ്. എന്നാല്‍ ഉയര്‍ന്ന പ്രോട്ടീനും അവശ്യ അമിനോ ആസിഡുകളും ഉള്ള ക്വിനോവ ശരീരത്തിന് ഗുണപ്രദമാണ്. ഇവ കഴിക്കുന്നത് വിശപ്പ് കുറക്കാന്‍ സഹായിക്കും. ഗ്ലൂറ്റന്‍ രഹിത ഭക്ഷണം കൂടിയാണ് ക്വിനോവ. അതിനാല്‍ തട കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ക്വിനോവ ധൈര്യമായി തിരഞ്ഞെടുക്കാം.

സോയ

പ്രോടീനും അമിനോ ആസിഡുകളും ധാരാളം ഉണ്ട്. സോയയില്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്‌ലേവോണ്‍സ് എന്ന സംയുക്തങ്ങള്‍ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. സോയ പ്രോട്ടീന്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതേസമയം അമിതമായി സോയ കഴിക്കുന്നത് തൈറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

നട്‌സ്

ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നട്‌സ്. ബദാം, വാല്‍നട്ട് തുടങ്ങിയവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ക്കൊപ്പം പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊഴുപ്പ് കൂടതലായത് കൊണ്ട് തന്നെ ഇവ മിതമായ രീതിയില്‍ മാത്രം കഴിക്കുന്നതാണ് ഉത്തമം.

ഗ്രീക്ക് യോഗേര്‍ട്ട്

തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഗ്രീക്ക് യോഗേര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം യോഗേര്‍ട്ടില്‍ ഏകദേശം 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കലോറി 59 മാത്രമാണ്. സ്മൂത്തികളിലോ സലാഡുകളിലോ പഴങ്ങള്‍ക്കൊപ്പമോ എല്ലാം ഗ്രീക്ക് യോഗേര്‍ട്ട് തിരഞ്ഞെടുക്കാം.

മുട്ട

പ്രോട്ടീന്‍ സമ്ബുഷ്ടമാണ് മുട്ട. ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ വെറും 70 കലോറി മാത്രമാണ് ഉള്ളത്. വിറ്റാമിന്‍ ഡി, ബി 12, സെലിനിയം തുടങ്ങിയ ധാതുക്കളും മുട്ടയില്‍ ഉണ്ട്.

(ഇവയെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എത്ര അളവില്‍ കഴിക്കാം എന്ന് ശ്രദ്ധിക്കുക)

Leave a Reply

Your email address will not be published. Required fields are marked *