ഇക്കുറി ഉപതിരഞ്ഞെടുപ്പില്‍ പ്രധാന ചർച്ചാകേന്ദ്രംപാലക്കാട്തന്നെയാണ്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ ചേലക്കര, വയനാട് എന്നിവടങ്ങളെക്കാളും പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ ചർച്ചാവിഷയമാക്കുകയാണ്.
ആളിക്കത്തിയ ട്രോളി ബാഗ് വിവാദത്തിന് ശേഷം വ്യാജ വോട്ടാരോപണമാണ് ഇപ്പോള്‍ ചൂടുപിടിക്കുന്ന വിവാദം. പരസ്പരം ആരോപണവുമായി മൂന്ന് മുന്നണിയും രംഗത്തെത്തിയതോടെ സമാനതകളില്ലാത്ത വിവാദത്തിനാണ് പാലക്കാട് വേദിയാകുന്നത്.
ക്രമക്കേട് ആരോപിച്ച് സിപിഎം
വോട്ടർ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് സിപിഎമ്മാണ് ആദ്യം രംഗത്തെത്തിയത്. പാലക്കാട്ട് 2700 വ്യാജ വോട്ടർമാരുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. വ്യാജ വോട്ടർമാർക്കെതിരെ കേസ് കൊടുക്കുമെന്നും വോട്ടർ പട്ടികയില്‍ പേരുള്ള ബിജെപി ജില്ലാ പ്രസിഡൻറ് അടക്കം പലരും മറ്റ് മണ്ഡലങ്ങളില്‍ ഉള്ളവരെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം, ജില്ലാ സെക്രട്ടറി ആദ്യം തടയേണ്ടത് എല്‍ഡിഎഫ് സ്ഥാനാർഥിയെ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തിരിച്ചടിച്ചു. ഇതു വലിയ ആനക്കാര്യം ഒന്നുമല്ലെന്നും തോല്ക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണ് സിപിഎം എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.
അട്ടിമറിയെന്ന് കോണ്‍ഗ്രസ്
തിരഞ്ഞടുപ്പ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്നും പിന്നില്‍ ബിജെപിയും സിപിഎമ്മുമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. ബിജെപി ജില്ലാ പ്രസിഡൻറ് വ്യാജ വോട്ട് രേഖ പുറത്തുവിട്ടുകൊണ്ടാണ് വികെ ശ്രീകണ്ഠൻ എംപി ആരോപണവുമായി രംഗത്തെത്തിയത്. രണ്ടിടത്ത് വോട്ട് ഉണ്ടെന്നാണ് ആരോപണം.
എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിനെതിരെയും വികെ ശ്രീകണ്ഠൻ ആരോപണം ഉന്നയിച്ചു. മൂന്ന് മാസം മുമ്ബാണ് ഒറ്റപ്പാലത്ത് നിന്ന് സരിൻ വോട്ട് മാറ്റിയതെന്നും ആറുമാസമാണ് ഇതിനുവേണ്ടതെന്നും വികെ ശ്രീകണ്ഠൻ ആരോപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി രഘുനാഥിന് കോഴിക്കോടും പാലക്കാടും വോട്ടുണ്ടെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു. വ്യാജ വോട്ടില്‍ സിപിഎമ്മിലെയും ബിജെപിയിലെയും പ്രമുഖരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുകമറ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ബിജെപി
ആരു തടഞ്ഞാലും വോട്ട് പാലക്കാട് ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസൻ പ്രതികരിച്ചു. പരാജയ ഭീതി മുന്നില്‍ കണ്ട് പുകമറ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വർഷമായി പ്രവർത്തിക്കുന്നത് ജില്ലാ ഓഫീസ് കേന്ദ്രീകരിച്ചാണ്. ആ വിലാസത്തിലാണ് വോട്ട് ചേർത്തത്. അവസാന തിരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തത് പട്ടാമ്ബിയിലാണ്. രണ്ട് സ്ഥലത്ത് വോട്ടുണ്ടെങ്കില്‍ റദ്ദാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.