ഒഞ്ചിയം: എറണാകുളം-വടകര ട്രെയിൻ യാത്രക്കിടെ ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ഇരിങ്ങാലക്കുടയിൽ എത്തിയപ്പോൾ ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് ചെറിയപരിക്കുകളോടെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ജനുവരി ഒന്നിനായിരുന്നു സംഭവം. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്.
ഇൻറർസിറ്റി എക്സ്പ്രസിൽ വലിയ തിരക്കുകാരണം ഡോറിനടുത്തിരുന്ന് യാത്രചെയ്യുകയായിരുന്നു. ഉറങ്ങിപ്പോയതു കാരണം വിനായക് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഒന്നും തിരിച്ചറിയാൻ കഴിയാതെ കണ്ണുതുറന്നു നോക്കുമ്പോൾ ട്രെയിൻ കുതിച്ചുപായുന്നതാണ് കണ്ടത്. എന്തോ വീണതായി യാത്രക്കാർ പറയുന്നതുകേട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിനായക് ഫോണിൽ സംഭവം പറഞ്ഞത്.