ഇന്ത്യൻ നാവികസേനയിലേക്ക് രണ്ട് യുദ്ധകപ്പലുകളും ഒരു അന്തർവാഹിനിയും പുതുതായെത്തിയത് കഴിഞ്ഞദിവസമാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യയുടെ ശക്തി വർദ്ധിപ്പിക്കുന്ന ഈ നീക്കം പാകിസ്ഥാനടക്കം ആശങ്കയോടെയാണ് കണ്ടത്. എന്നാലിപ്പോള്‍ ഇന്ത്യയെ പ്രതിരോധിക്കാൻ പാകിസ്ഥാന് സഹായമായി ചൈന മുന്നോട്ടുവരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
നാല് അത്യാധുനിക അന്തർവാഹിനികളാണ് ചൈന ഉടൻ പാകിസ്ഥാന് കൈമാറുക. പാകിസ്ഥാന്റെ നാവികസേനാ തലവൻ അഡ്മിറല്‍ നവീദ് അഷ്റഫ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ നാവിക സഹകരണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സീ ഗാർഡൻ, അമാൻ എന്നിങ്ങനെ പേരിട്ട കടലിലെ നാവികാഭ്യാസ പ്രകടനത്തിന് ശേഷമാണ് നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അന്തർവാഹിനി നിർമ്മാണവും കൈമാറ്റവും തീരുമാനിച്ചത്.
054 എ/പി വിഭാഗത്തില്‍ പെട്ട നാല് യുദ്ധകപ്പലുകള്‍ പാകിസ്ഥാന് ഇതിനകം ചൈന നല്‍കിക്കഴിഞ്ഞു. ഹൈടെക് സെൻസറുകള്‍, ആധുനിക ആയുധങ്ങള്‍, സിഎം 32 കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, എല്‍വൈ-80 കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, അന്തർവാഹിനി പ്രതിരോധ ആധുനിക ആയുധങ്ങള്‍ എന്നിവയെല്ലാം ചൈന നല്കിയ കപ്പലുകളിലുണ്ട്.
ഈ യുദ്ധകപ്പലുകള്‍ക്ക് പുറമേയാണ് എട്ട് ഹാങ്കർ ക്ളാസ് അന്തർവാഹിനികള്‍ പാകിസ്ഥാനും ചൈനയും ചേർന്ന് തയ്യാറാക്കിയത്. അത്യാധുനിക ആയുധങ്ങള്‍, സെൻസറുകള്‍, ഓക്സിജൻ ഇല്ലാതെ തന്നെ പ്രവർത്തിക്കാൻ അന്തർവാഹിനികളെ പ്രാപ്തമാക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പല്‍ഷൻ സാങ്കേതികവിദ്യ എന്നിവയ്ക്ക് പുറമേ ഏറെനേരം കടലിനടിയില്‍ നിശബ്ദമായി സഞ്ചരിക്കാൻ ഈ അന്തർവാഹിനികള്‍ക്ക് കഴിയും.
2015ല്‍ ചൈനയുമായി പാകിസ്ഥാൻ ഏർപ്പെട്ട കരാറിന്റെ ബാക്കിയായാണ് അന്തർവാഹിനികള്‍ തയ്യാറാകുന്നത്. നാലെണ്ണം പാകിസ്ഥാനിലും നാലെണ്ണം ചൈനയിലും ആണ് തയ്യാറാക്കുക. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധകപ്പല്‍ 2022ല്‍ കമ്മീഷൻ ചെയ്തിരുന്നു. ഐഎസി വിക്രാന്ത് ആണ് അന്ന് കമ്മിഷൻ ചെയ്തത്. ഇതിനുപുറമേ ഈ ആഴ്ച തന്നെ ഐഎൻഎസ് നീലഗിരി, ഐഎൻഎസ് സൂറത്ത് എന്നീ യുദ്ധകപ്പലുകളും ഐഎൻഎസ് വാഗ്ഷീർ എന്ന അത്യാധുനിക അന്തർവാഹിനി എന്നിവയും നാവികസേനയ്ക്ക് സ്വന്തമായി. ഇതാണ് ചൈനയുടെ പാകിസ്ഥാനുമായി ചേർന്ന നീക്കത്തിന് പിന്നില്‍.