ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല;

ഇന്ത്യയെ പ്രതിനിധീകരിക്കുക എസ് ജയശങ്കർ
സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനും ചടങ്ങിൽ പങ്കെടുക്കും

ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആയിരിക്കും ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നത്. ജനുവരി 20നാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുന്നത്. യുഎസ് സന്ദർശന വേളയിൽ, ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിനിധികളുമായും മറ്റ് പ്രമുഖരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. കാപിറ്റോൾ മന്ദിരത്തിൽ വെച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനും ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2020ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്‍റെ നടപടി വലിയ വിവാദങ്ങൾക്കും സംഘർഷത്തിനുമൊക്കെ വഴിയൊരുക്കിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ തന്നെ ട്രംപ് തന്നോട് കാണിച്ചതു പോലെ താൻ തിരികെ കാണിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു.

സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി ലോക നേതാക്കളെ ട്രംപ് ക്ഷണിച്ചതായാണ് റിപ്പോർട്ട്. അർജൻ്റീന പ്രസിഡൻ്റ് ഹാവിയർ മിലേയും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹംഗറി പ്രസിഡന്റ് വിക്ടർ ഓർബൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *