ട്രംപിന് നേരെ വെടിവെപ്പ്; ഇരുപതുകാരന്റെ ചിത്രം പുറത്തുവിട്ട് അന്വേഷണ ഏജൻസി

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന് നേരെ കൊലപാതകശ്രമം നടത്തിയ ഇരുപതുകാരന്റെ ചിത്രം അന്വേഷണ ഏജൻസി പുറത്തുവിട്ടു.

പ്രതി തോമസ് മാത്യു ക്രൂക്കിന്റെ ചിത്രമാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ടത്. ഇയാള്‍ പെന്‍സില്‍വാനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ്. ഇയാളുടെ മൃതദേഹത്തിന് അടുത്ത് നിന്ന് കഴിഞ്ഞ ദിവസം എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വോട്ടര്‍ രജിസ്ട്രേഷന്‍ കാര്‍ഡും കണ്ടെത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഇയാള്‍ എന്തിനാണ് വെടിയുതിര്‍ത്തെന്നത് വ്യക്തമല്ല. പൊതുവെ നിശബ്ദനായ, ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ക്രൂക്ക് 2022ല്‍ ബെഥേല്‍ പാർക്ക് ഹൈസ്കൂളില്‍ നിന്ന് ബിരുദം സ്വന്തമാക്കിയിരുന്നു. കൂടാതെ ഇയാള്‍ക്ക് നാഷണല്‍ മാത്ത് ആൻ്റ് സയൻസ് ഇനിഷ്യേറ്റീവില്‍ നിന്ന് “സ്റ്റാർ അവാർഡ്” ലഭിച്ചിട്ടുണ്ട്. ബിരുദത്തിന് ശേഷം നഴ്സിങ് ഹോമില്‍ ജോലി ചെയ്തു വരികയായിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ട്രംപിനു നേരെ വെടിയുതിർക്കുകയായിരുന്നു. ട്രംപിന്റെ വലതുചെവിക്ക് പരിക്കുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടി കൊണ്ടതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കൻ സാമൂഹ്യമാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *