ഡോണള്‍ഡ് ട്രംപിനെതിരായ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ നിർത്തിവെച്ച് യു.എസ് ജഡ്ജി. 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസിലെ നടപടികളാണ് നിർത്തിവെച്ചത്.
ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ അസാധാരണ സാഹചര്യം മുൻനിർത്തി കേസിലെ നടപടികള്‍ നിർത്തിവെക്കണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുകയായിരുന്നു.
യു.എസ് ജില്ലാ ജഡ്ജി സ്പെഷ്യല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്തിന്റെ ആവശ്യം അംഗീകരിച്ചു. തുടർന്ന് കേസിലെ നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. അസാധാരണമായ സാഹചര്യത്തില്‍ കേസിലെ തുടർ നടപടികള്‍ തീരുമാനിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് യു.എസ് നീതി വകുപ്പ് നിലപാടെടുക്കുകയായിരുന്നു.
യു.എസ് നീതിവകുപ്പിന്റെ 1970ലെ നയമനുസരിച്ച് പ്രസിഡന്റിനെ ക്രിമിനല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാനാവില്ല. കേസ് എങ്ങനെ ഒഴിവാക്കണമെന്നത് സംബന്ധിച്ച് യു.എസ് നീതി വകുപ്പ് ചർച്ചകള്‍ തുടങ്ങിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം നാല് ക്രിമിനല്‍ കേസുകളില്‍ ട്രംപിനെ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചിരുന്നു. 2020ല്‍ ജോ ബൈഡൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അട്ടിമറിക്കുള്ള ശ്രമം ആരംഭിച്ചത്. തുടർന്ന് 2021 ജനുവരി ആറാം തീയതി യു.എസ് കാപ്പിറ്റോള്‍ ബില്‍ഡിങ്ങില്‍ ആക്രമണമുണ്ടായി.
എന്നാല്‍, ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കമല ഹാരിസിനെ തോല്‍പ്പിച്ച് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ കേസുകളുടെ ഗതിമാറുകയായിരുന്നു.