ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷാവിധിക്കെതിരെ രണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
എട്ടാം പ്രതി കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജ് എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്.
കൊലപാതകം, വധഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ഇരുവര്‍ക്കും ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ഈ വിധി റദ്ദാക്കണമെന്നാണ് രണ്ട് പ്രതികളുടെയും ആവശ്യം. അന്തരിച്ച പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും. പികെ കുഞ്ഞനന്തന് വിചാരണക്കോടതി വിധിച്ച പിഴത്തുക കുടംബത്തില്‍ നിന്ന് ഈടാക്കണമെന്ന വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
രണ്ട് അപ്പീലുകളിലും നടപടിക്രമങ്ങളുടെ ഭാഗമായി സുപ്രീം കോടതി പ്രൊസിക്യൂഷന് നോട്ടീസയയ്ക്കും. നേരത്തെ മറ്റ് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രൊസിക്യൂഷന് നോട്ടീസ് അയച്ചിരുന്നു. ഹര്‍ജികള്‍ ഓഗസ്റ്റ് അവസാനവാരം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും.