‘ഞങ്ങളുടെ ആക്രമണത്തിന് തിരിച്ചടിച്ചാല്‍ കനത്ത പ്രഹരമേല്‍ക്കേണ്ടി വരും’; ഇറാന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

കഴിഞ്ഞയാഴ്‌ച ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാല്‍ കനത്ത പ്രഹരമേല്‍ക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

ഇസ്രയേല്‍ സേനാ തലവൻ ലെഫ്. ജനറല്‍ ഹെർസി ഹലേവിയുടേതാണ് മുന്നറിയിപ്പ്. രമോണ്‍ വ്യോമ സൈനികത്താവളത്തില്‍ വ്യോമസേനാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇറാൻ വീണ്ടും ഇസ്രയേലിനുനേരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചാല്‍ കഴിഞ്ഞയാഴ്‌ചത്തെ ആക്രമണത്തില്‍ ഉപയോഗിക്കാത്ത ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കും സൈന്യം മറുപടി നല്‍കുക. ഇറാനില്‍ വീണ്ടും എങ്ങനെ എത്താമെന്നത് നമ്മള്‍ ഒന്നുകൂടി മനസിലാക്കും. ഇത്തവണ ഉപയോഗിക്കാത്ത ആയുധങ്ങളായിരിക്കും അപ്പോള്‍ ഉപയോഗിക്കുക. കൂടാതെ ഇത്തവണ ഒഴിവാക്കിയ സ്ഥലങ്ങള്‍ക്കും ആയുധങ്ങള്‍ക്കും കനത്ത പ്രഹരം ഏല്‍ക്കേണ്ടിയും വരും. ഇക്കാര്യങ്ങളൊക്കെ വീണ്ടും ചെയ്യേണ്ടി വരും എന്നതിനാലാണ് ചില സ്ഥലങ്ങള്‍ ഒഴിവാക്കിയത്. ഈ പരിപാടി അവസാനിച്ചിട്ടില്ല. നമ്മളിപ്പോഴും അതിനുള്ളില്‍ തന്നെയാണ്’- ഹലേവി വ്യക്തമാക്കി.

ഈ മാസമാദ്യം ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ കഴിഞ്ഞ ശനിയാഴ്‌ച മറുപടി നല്‍കിയിരുന്നു. ഇസ്രയേല്‍ ഫൈറ്റർ ജെറ്റുകള്‍ ഇറാൻ സൈനിക താവളങ്ങളും മിസൈല്‍ നിർമാണ കേന്ദ്രങ്ങളും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയത്. ഒരുകൂട്ടം അണുബോംബുകള്‍ നിർമിച്ച്‌ തന്റെ രാജ്യത്തെ തകർക്കാനാണ് ഇറാൻ ലക്ഷ്യം വയ്ക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആരോപിച്ചിരുന്നു.

അതേസമയം, സംഘത്തിന്റെ തലവനായി നയിം ഖാസിമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഹിസ്ബുള്ള. ഹസൻ നസ്രള്ള ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തലവനായി തിരഞ്ഞെടുത്തത്. 33 വർഷമായി ഹിസ്ബുള്ളടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. നസ്രള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിംഗ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചിരുന്നു. ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയാണ് നയിം ഖാസിം.

ഹിസ്ബുള്ളയുടെ നയങ്ങളും ലക്ഷ്യങ്ങളും സംരക്ഷിക്കുന്നതിനാണ് നയിം ഖാസിമിനെ തിരഞ്ഞെടുത്തതെന്ന് ഹിസ്ബുള്ള അറിയിച്ചു. 1992 മുതല്‍ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ച ഹസന്‍ നസ്രള്ള കഴിഞ്ഞ മാസം ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസ്രള്ളയുടെ ബന്ധു ഹഷീം സഫിദ്ദീനെ നേതൃ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. പിന്നാലെയാണ് ഖാസിമിനെ ചുമതലപ്പെടുത്തിയത്. 1992ല്‍ മുതല്‍ ഹിസ്ബുള്ളയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോർഡിനേറ്ററും നയിം ഖാസിം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *