അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടരവയസ്സുകാരിക്ക് ശിശുക്ഷേമ സമിതിയിലെ ആയയില്‍നിന്ന് നേരിട്ടത്സമാനതകളില്ലാത്ത പീഡനം. പോറ്റമ്മയായി മാറേണ്ട ആയയാണ് കുഞ്ഞിനെ പലതവണ മുറിവേല്‍പ്പിച്ചത്.
തിരിച്ചറിവില്ലാത്ത കുഞ്ഞിന് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ശിക്ഷയാണ് ആയയായ അജിത നല്‍കിയത്.
അച്ഛനും അമ്മയും മരിച്ച കുഞ്ഞ് ഒന്നരയാഴ്ച മുൻപാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്നത്. ഒപ്പം സഹോദരിയായ അഞ്ചുവയസ്സുകാരിയും. കിടക്കയില്‍ കുഞ്ഞ് സ്ഥിരമായി മൂത്രമൊഴിച്ചതാണ് ആയയെ പ്രകോപിപ്പിച്ചത്. ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചത് മറ്റ് ആയമാരായ മഹേശ്വരിയുടെയും സിന്ധുവിന്റെയും ശ്രദ്ധയില്‍പ്പെട്ടെങ്കിലും അവർക്കും കുട്ടിയോട് സഹാനുഭൂതി ഉണ്ടായില്ല. മറ്റൊരു ആയയുടെ ഇടപെടലാണ് കുഞ്ഞിനെതിരായ പീഡനം പുറത്തെത്തിച്ചത്.
സമിതിയില്‍ നൂറ്റമ്ബതോളം കുട്ടികള്‍
സംരക്ഷണകേന്ദ്രത്തിലും ബാലികാസദനത്തിലുമായി 130 കുട്ടികളാണുള്ളത്. അഞ്ചുവയസ്സു വരെയുള്ള 98 കുട്ടികളും 18-ന് താഴെ പ്രായമുള്ള 49 പെണ്‍കുട്ടികളുമാണുള്ളത്. മാസങ്ങള്‍മാത്രം പ്രായമുള്ള കുട്ടികളും സമിതിയുടെ സംരക്ഷണയിലുണ്ട്. കുട്ടികളെ നോക്കുന്നതിനായി നൂറ്റിമുപ്പതോളം ജീവനക്കാരാണ് സമിതിയിലുള്ളത്. 103 പേർ ആയമാരാണ്. ഇവരെല്ലാം താത്കാലിക ജീവനക്കാരും.
ജോലിസമയം പുതുക്കിയതില്‍ അതൃപ്തി
ശിശുക്ഷേമ സമിതിയില്‍ ജോലിസമയം പുതുക്കി ക്രമീകരിച്ചതിനെ തുടർന്ന് ജീവനക്കാരുടെ ഇടയില്‍ കടുത്ത അതൃപ്തിയുണ്ട്. 24 മണിക്കൂറായിരുന്ന ജോലി സമയം ഒൻപതു മണിക്കൂറായി ചുരുക്കി.
ദിവസേന രണ്ടു ഷിഫ്റ്റുകളായി ക്രമീകരിച്ചതോടെ ദിവസവേതനത്തില്‍ കുറവുണ്ടായതാണ് അതൃപ്തിക്ക് കാരണം. രാവിലെ എട്ടുമുതല്‍ വൈകീട്ട് 5.30 വരെയും വൈകീട്ട് 5.30 മുതല്‍ രാവിലെ എട്ടുവരെയും രണ്ടു ഷിഫ്റ്റുകളാണ് ആയമാർക്കുള്ളത്.
രാവിലത്തെ ഷിഫ്റ്റിന് 625 രൂപയും രാത്രിയിലെ ഷിഫ്റ്റിന് 675 രൂപയുമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത് കുറവാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇത് സംബന്ധിച്ചുള്ള അസ്വാരസ്യങ്ങളും സമിതിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നതായും പറയപ്പെടുന്നു. സമിതിയിലെ ജീവനക്കാർക്കിടയിലെ ചേരിതിരിവും പരസ്യമാണ്.
വർഷങ്ങളായി താത്കാലിക ജോലി
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കിടക്കയില്‍ മൂത്രമൊഴിച്ചതിന്, അജിത കുട്ടിയുടെ സ്വകാര്യഭാഗത്ത് നഖംകൊണ്ട് മുറിവേല്പിക്കുകയായിരുന്നു. ശരീരത്തിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടിട്ടും മറ്റു രണ്ടുപേർ മറച്ചുവെച്ചുവെന്നാണ് കേസ്. തൊട്ടടുത്ത ദിവസം മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. ഇവർ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്ഗോപിയെ വിവരമറിയിച്ചു.
ശനിയാഴ്ച കുട്ടികളെ നോക്കാനെത്തിയ ഡോക്ടർമാരോട് രണ്ടര വയസ്സുകാരിയുടെ മുറിവ് പരിശോധിക്കാൻ സമിതി അധികൃതർ ആവശ്യപ്പെട്ടു. മുതിർന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിക്കുകയായിരുന്നു. ബാലക്ഷേമ സമിതി ചെയർപേഴ്സണ്‍ ഷാനിബാ ബീഗം സമിതിയിലെത്തി കുട്ടിയെ സന്ദർശിച്ചിരുന്നു.
പിന്നീട് കുഞ്ഞിനെ തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തി. ആയമാർ ഉപദ്രവിച്ചെന്ന് ഉറപ്പായതോടെ ശിശുക്ഷേമസമിതി അധികൃതർ മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച സമിതിയിലെത്തി പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ആയമാർ കുറ്റം സമ്മതിച്ചു.
ആയമാർ വർഷങ്ങളായി സമിതിയില്‍ താത്കാലിക ജോലി ചെയ്യുന്നവരാണ്. രണ്ടര വയസ്സുകാരിയെ പരിചരിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ആയമാരെയും പിരിച്ചുവിട്ടതായി ശിശുക്ഷേമസിമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി അറിയിച്ചു. അച്ഛനും അമ്മയും മരിച്ചതിനെത്തുടർന്ന് ആഴ്ചകള്‍ക്കു മുൻപാണ് രണ്ടര വയസ്സുകാരിയും സഹോദരിയായ അഞ്ചു വയസ്സുകാരിയും ശിശുക്ഷേമസമിതിയില്‍ എത്തിയത്.