ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ (Sanitation Work) കാണാതായ ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു.
തൊഴിലാളിയെ കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള ഏഴംഗ നാവിക സേന സംഘവും ഞായറാഴ്ച (14.07.2024) രാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ ആറരയോടെ തുടങ്ങിയ തിരച്ചില്‍ ദൗത്യത്തില്‍ സ്‌കൂബ ഡൈവേഴ്സ് (Scuba Divers) ടീമും നേവി സംഘത്തിനൊപ്പം ഇറങ്ങി.
ഡിആര്‍എം ഉള്‍പെടയുളളവരുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് നാവിക സേന തിരച്ചില്‍ ആരംഭിച്ചത്. രാത്രി തന്നെ സംഘം പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. കടലിന് അടിയിലുളള വസ്തുക്കള്‍ കണ്ടെത്താന്‍ നാവിക സേന ഉപയോഗിക്കുന്ന സോണാര്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് തിങ്കളാഴ്ചത്തെ (15.07.2024) ദൗത്യം തുടങ്ങിയത്. ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള കാമറ സംവിധാവുമായിട്ടാണ് നിരീക്ഷണം. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷ സേന വിഭാഗങ്ങള്‍ എന്നിവരും തിരച്ചിലിനുണ്ട്. ഞായറാഴ്ച (14.07.2024) എന്‍ഡിആര്‍എഫും, ഫയര്‍ഫോഴ്‌സും സംയുക്തമായി പരിശോധന നടത്തിയിരുന്നു.
തലസ്ഥാനത്ത് രാവിലെ മുതല്‍ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാണ്. പരിശോധന സ്വതന്ത്ര്യമായി നടത്താനാണ് നാവിക സേനയുടെ തീരുമാനം. മാധ്യമപ്രവര്‍ത്തകരെയോ മറ്റ് ഉദ്യോഗസ്ഥരെയോ തിരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് വിടരുതെന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉള്‍പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
റെയില്‍വേ ട്രാകിന് അടിയിലൂടെ കടന്നുപോകുന്ന ടണലില്‍ സ്‌കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ലക്ഷ്യം കണ്ടിരിന്നില്ല. വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. തുടര്‍ന്നാണ് തിരച്ചില്‍ 34 മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഞായറാഴ്ച രാത്രി നിര്‍ത്തിയത്.
ശനിയാഴ്ച (13.07.2024) രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ (47) കാണാതായത്. ജോയിയെ കണ്ടെത്താനായി സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ സംഘം തിരുവനന്തപുരം തമ്ബാനൂരിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഏറ്റെടുത്തത്.
നഗരമധ്യത്തിലെ അഴുക്കുചാലില്‍ ജീവന്‍പോലും പണയപ്പെടുത്തിക്കൊണ്ട് രാവുംപകലും നീണ്ട പ്രവര്‍ത്തനം സേനയുടെ സമീപകാല ചരിത്രത്തില്‍ ആദ്യം. റോബോട് കാമറയില്‍ ശരീരഭാഗം എന്ന് സംശയിക്കുന്ന ദൃശ്യം തെളിഞ്ഞതോടെ വിശ്രമം പോലുമില്ലാതെ വീണ്ടും കനാലിലേക്ക്. എന്നാല്‍ അത് ജോയി ആയിരുന്നില്ല. പലയിടത്തും വെള്ളംവറ്റി മാലിന്യമാണ് കനാലില്‍ അടിഞ്ഞു കൂടിക്കിടക്കുന്നത്. പാറപോലെ ഉറച്ചനിലയിലാണ് മാലിന്യമെന്ന് ദൗത്യത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.