ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തി വളരെ ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ജോജു ജോര്‍ജ്.
തന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ തീയേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. മറ്റ് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു ജോജു ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് പുറത്ത് വരുന്നത്. ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ വേലായുധന്‍ ആണ്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വൈകാതെ തിയറ്ററുകളിലെത്തും. 2025 ജനുവരി 16-ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. മോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡമാണ് അവരുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.
കുടുംബത്തില്‍നിന്ന് ചില സാഹചര്യങ്ങളാല്‍ മാറിനിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് അറിയാനാകുന്നത്. റിലീസ് ഡേറ്റുമായി എത്തിയിരിക്കുന്ന പോസ്റ്റര്‍ ഒരു കുടുംബചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിസ്‌കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട.