തിരുവനന്തപുരത്ത് ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച രണ്ട് പ്രതികളെയടക്കം എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു.
പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാൻ മതിയായ തെളിവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒന്നാം പ്രതി ആറ്റുകാല്‍ സ്വദേശി അനില്‍കുമാർ (ജാക്കി), ഏഴാം പ്രതി അജിത് കുമാർ (സോജു) എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്.
ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്ന ഷാജി (കൊച്ചു ഷാജി), ബിജു (ബിജുക്കുട്ടൻ), കിഷോർ, ബിനുകുമാർ (പ്രാവ് ബിനു), സുരേഷ് കുമാർ (സുര) എന്നിവരാണ് വെറുതേ വിടപ്പെട്ട മറ്റ് പ്രതികള്‍.
കേസിലെ കൂട്ടുപ്രതിയും പിന്നീട് മാപ്പു സാക്ഷിയുമായ നസറുദ്ദീന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി പ്രതികളെ ശിക്ഷിച്ചത്. എന്നാല്‍, ഇയാളുടെ മൊഴി കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് പ്രതികളെ വെറുതേ വിട്ടത്. വധശിക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നല്‍കിയ റഫറല്‍ ഹർജിയും പ്രതികള്‍ നല്‍കിയ അപ്പീലുമാണ് കോടതി പരിഗണിച്ചത്.
2004 നവംബറിലാണ് സംഭവം. പ്രതികളില്‍ ഒരാളുടെ ഭാര്യയുമായി ജെറ്റ് സന്തോഷിന് ബന്ധം ഉണ്ടെന്നതിന്റെ പേരിലായിരുന്നു കൊലപാതകം. പ്രതിയുടെ ഭാര്യയെ കൊണ്ട് വിളിച്ചുവരുത്തിയ സന്തോഷിനെ വാഹനത്തില്‍ കടത്തിക്കൊണ്ടു പോയി മർദിച്ച് കൈയും കാലും വെട്ടിമാറ്റി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം ഓടിച്ചിരുന്നത് നസറുദ്ദീൻ ആയിരുന്നു. കേസില്‍ ആദ്യം നാലാം പ്രതിയായിരുന്നു ഇയാള്‍. അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ മാപ്പു സാക്ഷിയായി.
എന്നാല്‍, നസറുദ്ദീന്റെ മൊഴികള്‍ ബലപ്പെടുത്തുന്ന തെളിവുകള്‍ ഇല്ലാത്തത് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇയാളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തതായി പ്രോസിക്യൂഷൻ പറയുമ്ബോള്‍, തന്നെ പമ്ബയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് നസറുദ്ദീൻ മൊഴി നല്‍കിയതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഒന്നും ഏഴും പ്രതികള്‍ക്കായി സീനിയർ അഭിഭാഷകരായ പി. വിജയഭാനു, ബി. രാമൻപിള്ള എന്നിവരാണ് ഹാജരായത്.