ജൂലൈയില്‍ സംസ്ഥാനത്ത് കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസത്തിലും പസഫിക്ക് സമുദ്രത്തില്‍ എന്‍സോ പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐഒ!ഡി) പ്രതിഭാസവും ന്യൂട്രല്‍ സ്ഥിതിയില്‍ തുടരാനാണ് സാധ്യത.
ജൂണ്‍ മാസത്തില്‍ കേരളത്തില്‍ 25 ശതമാനം മഴയുടെ കുറവുണ്ടായിരുന്നു. ജൂണില്‍ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് 489.2 എംഎം മഴ മാത്രമാണ് ലഭിച്ചത്. എങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഇത്തവണ ജൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ മഴ ലഭിച്ചില്ല.