സപ്ലൈകോ പെട്രോള്‍ പമ്ബുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി മന്ത്രി ജി.ആര്.
അനില്‍. ഭാരത് പെട്രോളിയം കോർപറേഷനുമായി ചേര്‍ന്ന് മൈക്രോ എ.ടി.എം സംവിധാനത്തോടുകൂടി മാനന്തവാടിയില്‍ ആരംഭിച്ച സപ്ലൈകോ പെട്രോള്‍ ബങ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്ക് ശേഷം ഇപ്പോള്‍ വയനാട്ടിലും സപ്ലൈകോ പെട്രോള്‍ പമ്ബുകള്‍ ആരംഭിച്ചിരിക്കുകയാണ്. സപ്ലൈകോയുടെ പതിമൂന്നാമത് ഔട്ട്ലെറ്റാണ് മാനന്തവാടിയിലേത്. സപ്ലൈകോയുടെ വിവിധ മേഖലകളിലൂടെ മാർക്കറ്റില്‍ ഇടപെട്ട് വിലവർധനയുടെ പ്രയാസങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു അധ്യക്ഷത വഹിച്ചു.
മാനന്തവാടി മുനിസിപ്പല്‍ ചെയര്പേഴ്സൻ സി.കെ രത്നവല്ലി ആദ്യവില്പന നടത്തി. ജില്ല കലക്ടര്‍ ഡോ. രേണുരാജ്, സബ്കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ഡിവിഷന് കൗണ്‍സിലര്‍ വി.ഡി. അരുണ്‍ കുമാര്‍, സപ്ലൈകോ മാനേജിങ് ഡയറക്ടർ ആൻഡ് ചെയർമാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, എ.ജി.എം എൻ.രഘു നാഥ്, ജില്ല സപ്ലൈ ഓഫിസർ ജയിംസ് പീറ്റർ, ബി.പി.സി.എല്‍ റീട്ടെയില്‍ സ്റ്റേറ്റ് ഹെഡ് കെ.വി. രമേശ് കുമാർ, ബി.പി.സി.എല്‍ റീട്ടെയില്‍ ടെറിട്ടറി മാനേജർ ജയ് ദീപ് പോട്ട്ദാർ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.