ഗ്രാമീണ റോഡുകളെ അപകടത്തുരുത്തുകളാക്കി ജല്‍ജീവൻ മിഷൻ പദ്ധതി. പൈപ്പിടാനായി മാസങ്ങള്‍ക്ക് മുമ്ബെടുത്ത ചാലുകള്‍ മൂടിയിരുന്നു.
എന്നാല്‍, ഇതിലെ മണ്ണൊലിച്ചുപോയതോടെയാണ് നാട്ടിൻപുറങ്ങളിലെ റോഡുകള്‍ ദുരിതപാതകളായത്.
കരുവാരകുണ്ടില്‍ മാത്രം 100 കിലോമീറ്ററിലേറെയാണ് റോഡുകളില്‍ ചാലുകള്‍ കീറിയത്. വാഹനങ്ങള്‍ക്ക് കഷ്ടിച്ച് മാത്രം പോകാൻ കഴിയുന്ന പാതകളാണ് ഇതില്‍ ഭൂരിഭാഗവും. പൈപ്പിട്ട ശേഷം ചാല് മണ്ണിട്ട് മൂടിയെങ്കിലും മഴയില്‍ മണ്ണ് താഴ്ന്നു. ഇതോടെ വീണ്ടും ചാലുകളായി. പലയിടത്തും വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. പരാതികള്‍ വർധിച്ചതോടെ ചാലുകളില്‍ മെറ്റലും ക്വാറിമാലിന്യവുമിട്ട് നിരത്തി. എന്നാല്‍, മഴവെള്ളത്തില്‍ ഇവ ഒലിച്ചുപോയി.
ഇതോടെ വീതികുറഞ്ഞ ഗ്രാമീണ റോഡുകള്‍ ശരിക്കും അപകടത്തുരുത്തുകളായി. ബൈക്ക് യാത്രികരാണ് കൂടുതലും ഇരകളായത്. പല റോഡുകളിലും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വഴി നല്‍കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. പദ്ധതി കരാറുകാരൻ മെറ്റലിട്ട് നികത്തിയ ചാലുകള്‍ ടാറിടേണ്ട ചുമതല ഗ്രാമപഞ്ചായത്തിനാണ്. ഇത് എപ്പോള്‍ നടക്കുമെന്നറിയില്ല. അതേസമയം, മാസങ്ങള്‍ക്ക് മുമ്ബ് പൈപ്പിടല്‍ നടന്നെങ്കിലും കുടിവെള്ളപദ്ധതി എപ്പോള്‍ വരും എന്ന് ആർക്കുമറിയില്ല. ജലസംഭരണി നിർമാണം പോലും എങ്ങുമെത്തിയിട്ടില്ല. ഗുണഭോക്താക്കളെ നിശ്ചയിച്ചിട്ടില്ല. കോടികള്‍ മുടക്കുന്ന ജലവിതരണ പദ്ധതി വരുന്നു എന്ന പ്രചാരണം മാത്രമേയുള്ളൂ. ഇതിനുവേണ്ടി മാസങ്ങള്‍ക്ക് മുമ്ബ് തന്നെ എന്തിനാണ് റോഡുകള്‍ തകർത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. വെള്ളം എന്ന് ലഭിക്കുമെന്നറിയില്ല, റോഡാകട്ടെ തകരുകയും ചെയ്തു എന്നതാണ് അവസ്ഥ.