തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമർശനം. ജയില്‍മോചിതനായതിന് പിന്നാലെ തെലുങ്ക് സിനിമ രംഗത്ത് നിന്നുള്‍പ്പെടെ നിരവധി പ്രമുഖർ നടനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
ഇതിന്റെ ഭാഗമായുണ്ടായ ആഘോഷങ്ങളാണ് വിമർശനങ്ങള്‍ക്ക് വഴിവെച്ചത്. പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലായിരുന്നു അല്ലു അർജുൻ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് അല്ലു അർജുനെ ജൂബിലി ഹില്‍സിലെ വസതിയിലെത്തി ഹൈദരാബാദ് ചിക്കട്‌പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും ഒരു രാത്രി അല്ലു ജയിലില്‍ ചെലവഴിച്ചിരുന്നു. ഇന്നലെ രാവിലെയോടെ മടങ്ങിയെത്തിയ അല്ലു അർജുനെ വളരെ വൈകാരികമായാണ് കുടുംബാംഗങ്ങള്‍ വരവേറ്റത്. പിന്നാലെയാണ് തെലുങ്ക് സിനിമ- വ്യവസായ രംഗത്തെ പ്രമുഖർ അല്ലു അർജുനെ വീട്ടിലെത്തി സന്ദർശിച്ചത്. റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, സുരേഖ, സംവിധായകൻ സുകുമാർ തുടങ്ങി നിരവധി പേരാണ് നടനെ കാണാനായി വസതിയില്‍ എത്തിയത്.
ഇതിന്റെ ചിത്രങ്ങള്‍ വൻ തോതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് ആഘോഷങ്ങള്‍ സംബന്ധിച്ച് വിമർശങ്ങള്‍ ഉയർന്നത്. തിയേറ്ററില്‍ ഉണ്ടായ അപകടത്തില്‍ മരിച്ച രേവതിയുടെ മകൻ ഇപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തുടരുകയാണ്. അതിനാല്‍ ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഈയവസരം ആഘോഷത്തിന്റേതല്ല, ആത്മപരിശോധനയുടേതാണ്. ഇത്തരം ആഘോഷങ്ങള്‍ വിഷയത്തില്‍ രേവന്ത് റെഡ്ഢി സർക്കാരിന് പിന്തുണ കൂട്ടുമെന്നും ഒരു ഉപയോക്താവ് സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. എല്ലാം ഒരു പിആർ സ്റ്റണ്ട് ആയിരുന്നുവെന്നാണ് തോന്നുന്നതെന്ന് മറ്റൊരു ഉപയോക്താവും പോസ്റ്റില്‍ പറയുന്നു. തുടർച്ചയായി പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അല്ലു അർജുൻ ഒരിക്കല്‍ പോലും മരിച്ച സ്ത്രീയുടെ കുടുംബത്തെ സന്ദർശിച്ചില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു രാത്രി ജയിലില്‍ ചിലവഴിച്ച് മടങ്ങിയ സൂപ്പർ താരത്തെ യുദ്ധത്തില്‍ നിന്ന് മടങ്ങിയെത്തുന്ന യോദ്ധാവിനെപ്പോലെയാണ് എല്ലാവരും പരിഗണിക്കുന്നതെന്ന് ഒരു എക്സ് ഉപയോക്താവ് പരിഹസിച്ചു.