കാട്ടാക്കട കുരുതംകോട് പാലയ്ക്കലില്‍ വീട്ടമ്മയെ കട്ടിലില്‍ മരിച്ചനിലയിലും യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.
കുരുതംകോട് വെട്ടുവിള പുത്തൻവീട്ടില്‍ റീജ(35), പാലയ്ക്കല്‍ ഞാറവിളവീട്ടില്‍ പ്രമോദ്(38) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ പ്രമോദിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
റീജയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം പ്രമോദ് തൂങ്ങിമരിക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി കാട്ടാക്കട പോലീസ് പറഞ്ഞു. വർഷങ്ങള്‍ക്കു മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയശേഷം കഴിഞ്ഞ കുറച്ചുനാളായി അയല്‍വാസിയായ പ്രമോദിന്റെ വീട്ടിലായിരുന്നു റീജയുടെ താമസം.
റീജയ്ക്ക് രണ്ട് മക്കളുണ്ട്. രണ്ടുമാസം മുൻപ് പ്രമോദിനെതിരേ റീജ പോലീസില്‍ പരാതി നല്‍കുകയും ഈ കേസില്‍ പ്രമോദിനെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷവും പ്രമോദ്, റീജയ്ക്ക് ഒപ്പമായിരുന്നു താമസം.
കഴിഞ്ഞ ദിവസം യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷൻ താമസിച്ചിരുന്ന വീടാണെന്നു കണ്ടെത്തി. തുടർന്ന് വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ശനിയാഴ്ചയോടെയേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്നും പോലീസ് അറിയിച്ചു.