‘ജയിലിലാവുമോയെന്ന ഭയം അധ്യാപകര്‍ക്കുണ്ട്’ വിദ്യാര്‍ഥിയെ തല്ലിയെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

ക്രിമിനല്‍ കേസില്‍ ജയിലിലാവുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഡെസ്‌കില്‍ കാല്‍ കയറ്റിവെച്ചത് ചോദ്യം ചെയ്തപ്പോള്‍ ചീത്തവിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികക്കെതിരായ കേസ് റദ്ദാക്കിയാണ് നിരീക്ഷണം. കുട്ടികളുടെ നല്ലതിനായി അധ്യാപകര്‍ സ്വീകരിക്കുന്ന ശിക്ഷണനടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കരുതെന്ന് കോടതി പറഞ്ഞു. ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ അച്ചടക്കമുള്ള പുതുതലമുറ എങ്ങനെയുണ്ടാകുമെന്നതില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

കുട്ടിക്ക് പരിക്കില്ലാതിരുന്നിട്ടും ബാലനീതി നിയമത്തിലെ വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തി അധ്യാപികയുടെ പേരില്‍ തൃശ്ശൂരിലെ വാടാനപ്പള്ളി പോലീസ് കേസെടുത്തിരുന്നു. കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകണമെന്ന് അധ്യാപിക ആഗ്രഹിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *