ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു.
രണ്ട് സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന സേന കദ്ദർ മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.ഇതിനെത്തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും സൈന്യം പ്രതിരോധിക്കുകയും ചെയ്തു.
ഭീകരരുമായുള്ള ഏറ്റുമുട്ടലിനെ കുറിച്ച ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,
” തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഇന്ത്യൻ സൈന്യവും ജെ-കെ പോലീസും ചേർന്ന് കുല്‍ഗാമിലെ കാദറില്‍ ഒരു സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. സൈനികർ സംശയാസ്പദമായ പ്രവർത്തനം നീരിക്ഷിച്ചു , തുടർന്ന് ഭീകരർ വെടിവയ്പ്പ് നടത്തി ഉടനടി സൈന്യം തിരിച്ചടിച്ചു.”
സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഭീകരർക്കായുള്ള തിരച്ചില്‍ നടത്തിയത്.ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ മാസമാദ്യം ജമ്മു കശ്മീരിലെ ഗഗാംഗീർ, ഗന്ദർബാല്‍ എന്നിവിടങ്ങളില്‍ സിവിലിയന്മാരെ കൊലപ്പെടുത്തിയതിലും മറ്റ് നിരവധി ഭീകരാക്രമണങ്ങളിലും ഉള്‍പ്പെട്ട ഒരു ഭീകരനെ ശ്രീനഗർ ജില്ലയില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.