ജബല്‍ അലി ബീച്ച് വികസന പദ്ധതിയുടെ രൂപകല്‍പ്പനക്ക് അംഗീകാരം നല്‍കിയതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു.
6.6 കിലോമീറ്റര്‍ ബീച്ചാണിത്. ദുബൈയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തുറന്ന പൊതു ബീച്ചായിരിക്കും ഇത്. മൊത്തം 330 ഹെക്ടര്‍ വിസ്തീര്‍ണം ഉള്‍ക്കൊള്ളുന്നു.
പൂര്‍ത്തിയാകുമ്ബോള്‍, നീന്തലിനായി രണ്ട് കി.മീ. തുറന്ന ബീച്ച്, 2.5 കി. മീ. ഡൈവിംഗ് സ്പോര്‍ട്സ് ഏരിയ, ഒരു നടപ്പാത, എല്ലാ പ്രായത്തിലുമുള്ള ബീച്ച് യാത്രക്കാര്‍ക്ക് വിനോദ, സേവന മേഖലകള്‍, ഓരോ ദിശയിലും രണ്ട്-വരിപ്പാത, 1,000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ്, 80 സൈക്കിള്‍ റാക്കുകള്‍, സൈക്ലിംഗ് ട്രാക്ക്, അഞ്ച് കി. മീ. റണ്ണിംഗ് ട്രാക്ക് എന്നിവ ഉള്‍പ്പെടെയുള്ള സംയോജിത അടിസ്ഥാന സൗകര്യങ്ങളുമായി ബീച്ചിനെ ബന്ധിപ്പിക്കും.
‘എമിറേറ്റിലെ പൊതു ബീച്ചുകള്‍ വികസിപ്പിക്കുന്നതിനുള്ള വിശാലമായ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് ജബല്‍ അലി ബീച്ച് വികസന പദ്ധതി. മൊത്തം ബീച്ചുകളുടെ നീളം 400 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇതില്‍ പുതിയ പൊതു ബീച്ചുകള്‍ ചേര്‍ക്കുകയും നിലവിലുള്ള ബീച്ചുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിരിക്കുന്നതുപോലെ വിനോദം, കായികം, സൗന്ദര്യവത്കരണം, നിക്ഷേപ സൗകര്യങ്ങള്‍ എന്നിവക്ക് സജ്ജരാക്കുകയാണ് ലക്ഷ്യം.’ ശൈഖ് ഹംദാന്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം എന്നിവയുടെ കമ്മീഷണര്‍ ജനറല്‍ മതര്‍ അല്‍ തായറിനാണ് മേല്‍നോട്ട ചുമതല. നഖീല്‍ വികസിപ്പിക്കുന്ന അഞ്ച് കിലോമീറ്റര്‍ മണല്‍ ബീച്ചും ദുബൈ മുനിസിപ്പാലിറ്റി വികസിപ്പിക്കുന്ന 1.6 കിലോമീറ്റര്‍ കണ്ടല്‍ക്കാടും ജബല്‍ അലിയില്‍ ഉള്‍പ്പെടുന്നു. ബീച്ചില്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളുണ്ടാകും. പാം ജബല്‍ അലിയുടെ പ്രവേശന കവാടത്തിന് സമീപം വലതുവശത്താണ് ‘പേള്‍’ എന്ന ആദ്യ ലൊക്കേഷന്‍ വരിക ഫാമിലി ബീച്ച്, സ്പോര്‍ട്സ് ആക്റ്റിവിറ്റികള്‍, സ്വിമ്മിംഗ് പൂള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍ എന്നിവക്കുള്ള സാധ്യതകളുമുണ്ട്. ബീച്ചിന്റെയും വിനോദ പ്രവര്‍ത്തനങ്ങളുടെയും പ്രധാന കേന്ദ്രമായിരിക്കും ഈ സ്ഥലം. ‘ദി പേള്‍’ ന് ഒരു ബീച്ച് ക്ലബ്ബും ഒരു കുളവും സ്വകാര്യ ബീച്ചും നിരവധി റെസ്റ്റോറന്റുകളും ഫ്‌ലോട്ടിംഗ് റെസ്റ്റോറന്റും ഉണ്ടാകും.
‘സങ്കേതം’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ സ്ഥലം ആമകളുടെ സങ്കേതമാണ്. ഒരേ സമയം വിനോദ-കായിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുമ്ബോള്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിന് ഈ പ്രദേശം മുന്‍ഗണന നല്‍കുന്നു. വിനോദ, വിദ്യാഭ്യാസ ലക്ഷ്യസ്ഥാനം പ്രദാനം ചെയ്യുന്ന മൂന്നാമത്തെ സ്ഥലമാണ് ‘നെസ്റ്റ്’. കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നെസ്റ്റ്, ജൈവവൈവിധ്യം, കടലാമ പുനരധിവാസം, പരിപാലന പരിപാടികള്‍ എന്നിവയെക്കുറിച്ചുള്ള പഠനത്തിനും അവബോധത്തിനുമുള്ള ഒരു പരിസ്ഥിതി കേന്ദ്രം കൂടിയാണ്.