ജനുവരി ഒന്ന് മുതല്‍ റേഷന്‍ വിതരണത്തില്‍ മാറ്റങ്ങള്‍; ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കാം

രാജ്യത്തെ റേഷന്‍ കാര്‍ഡ് ഇടപാടുകളില്‍ ജനുവരി ഒന്ന് മുതല്‍ മാറ്റം. ജനുവരി ഒന്നാം തീയതി മുതല്‍ റേഷന്‍ വിതരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുന്നതിനോടൊപ്പം റേഷന്‍ ഇടപാടുകളിലും കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നിര്‍ദേശങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.ഈ നിര്‍ദേശങ്ങള്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളും പാലിക്കണം. 80 കോടിയോളം ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ദേശീയ ഭക്ഷ്യസുരക്ഷ നിയമമാണ് 2025 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്നത്.ഓരോ റേഷന്‍ കാര്‍ഡ് അംഗങ്ങളും ഇ കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇ കെവൈസി കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തവരുടെ പേര് റേഷന്‍ കാര്‍ഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാനാണ് തീരുമാനം. അതിനാല്‍ കെ കെവൈസി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. സംസ്ഥാനത്തെ മുന്‍ഗണന കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ക്കായി സര്‍ക്കാര്‍ സമയപരിധി നീട്ടി നല്‍കിയിരുന്നു.നിലവില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനായി 2024 ഡിസംബര്‍ 31 വരെയാണ് സമയമുള്ളത്. 2025 ജനുവരി ഒന്നിലേക്ക് കടക്കുന്നതോടെ റേഷന്‍ കാര്‍ഡ് സ്‌കീമില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. റേഷന്‍ വിതരണ സംവിധാനം പൂര്‍ണമായും സുതാര്യമാക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.റേഷന്‍ കാര്‍ഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുക, അര്‍ഹരായവരിലേക്ക് മാത്രം റേഷന്‍ എത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കും ഇ കെവൈസി നിര്‍ബന്ധമാക്കിയത്. ഇത് ചെയ്യുന്നതിലൂടെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാതാക്കും സാധിക്കും.ഇ കെവൈസി നടത്തുന്നതിലൂടെ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് രാജ്യത്തെ ഡിജിറ്റൈസേഷന്‍ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.അതേസമയം, ജനുവരിയില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന നിയമപ്രകാരം മുമ്ബ് ലഭിച്ചിരുന്ന അതേ അളവില്‍ റേഷന്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. പുതിയ നിയമം അനുസരിച്ച്‌ 2.5 കിലോ അരിയും 2.5 കിലോ ഗോതമ്ബും ലഭിക്കുന്നതാണ്. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്ബുമായിരുന്നു വിതരണം ചെയ്തിരുന്നത്.നേരത്തെ അഞ്ച് കിലോ റേഷന്‍ ലഭിച്ചിരുന്നവര്‍ക്ക് ഇനി മുതല്‍ അരക്കിലോ അധികം ഗോതമ്ബ് ലഭിക്കും. അന്ത്യോദയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോ റേഷനാണ് ഇതുവരെ ലഭിച്ചിരുന്നത്. അതില്‍ 14 കിലോ ഗോതമ്ബും 21 കിലോ അരിയുമായിരുന്നു. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ 18 കിലോ അരിയും 17 കിലോ ഗോതമ്ബുമായിരിക്കും ലഭിക്കുക. അരിയുടെ അളവ് കുറയ്ക്കുകയും ഗോതമ്ബിന്റെ അളവ് കൂട്ടുകയുമാണ് ചെയ്യുന്നത്.

റേഷനില്‍ മാറ്റം വരുത്തിയതിനോടൊപ്പം അധിക ധനസഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 1000 രൂപയുടെ അധിക ധനസഹായമാണ് നല്‍കുന്നത്. എന്നാല്‍ ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ല. 2025 മുതല്‍ 2028 വരെയാണ് ഇ കെവൈസി പൂര്‍ത്തിയാക്കിയവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇവരെ കൂടാതെ നഗരപ്രദേശങ്ങളില്‍ മൂന്ന് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കാര്‍ഡ് ഉടമകള്‍, 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ വസ്തുവോ നാലുചക്ര വാഹനങ്ങളോ ഉള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *