‘ജനാധിപത്യവും സമാധാനവും പുലരണം’; ബംഗ്ലാദേശ് വിഷയത്തില്‍ യു.എൻ അന്വേഷണം നടത്തണമെന്ന് യു.കെ

 ആഭ്യന്തര കലാപത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച്‌ രാജ്യംവിട്ടതിനേത്തുടർന്നുള്ള ബംഗ്ലാദേശിലെ സാഹചര്യം സംബന്ധിച്ച്‌ അന്വേഷിക്കണമെന്ന് യു.കെ.

ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുള്ളതായും സംഘർഷം അവസാനിപ്പിക്കുന്നതിന് എല്ലാവരും ഒരുമിച്ചുചേർന്നുള്ള പ്രവർത്തനം ആവശ്യമാണെന്നും യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലമ്മി പറഞ്ഞു.

ബംഗ്ലാദേശിലെ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളില്‍ യു.എന്നിന്റെ നേതൃത്വത്തിലുള്ള പൂർണവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഡേവിഡ് ലമ്മി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചകളില്‍ ബംഗ്ലാദേശില്‍ കണ്ടത് അഭൂതപൂർവമായ സംഘർഷങ്ങളും ജീവനാശവുമാണ്. രാജ്യം ഒരു മാറ്റത്തിന്റെ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൈനിക മേധാവി വ്യക്തമാക്കിയ കാര്യവും ഡേവിഡ് ലമ്മി ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിന്റെ സമാധാനപരവും ജനാധിപത്യപരവുമായ ഭാവി ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഡേവിഡ് ലമ്മി പറഞ്ഞു. സർക്കാരിനെതിരേ നടന്ന വിദ്യാർഥി പ്രക്ഷോഭത്തില്‍ നൂറോളം പേർ മരിക്കുകയും തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിപദം രാജിവെച്ച്‌ നാടുവിടുകയും ചെയ്ത സാഹചര്യത്തിലാണ് വിഷയത്തിലുള്ള യു.കെയുടെ ഇടപെടല്‍.

1971- ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സർക്കാർജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതിനെതിരേ ജൂലായില്‍ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങള്‍. സുപ്രീംകോടതി സംവരണം അഞ്ചുശതമാനമായി വെട്ടിക്കുറച്ചതിനെത്തുടർന്ന് സംവരണവിരുദ്ധപ്രക്ഷോഭം ശമിച്ചിരുന്നു. എന്നാല്‍, ആ പ്രക്ഷോഭത്തിലെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹസീന മാപ്പുപറയണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയർത്തിയായിരുന്നു വീണ്ടും സമരം നടന്നത്.

നിലവില്‍ ഇന്ത്യയില്‍ അഭയംതേടിയിട്ടുള്ള ഷെയ്ഖ് ഹസീന യു.കെയിലേയ്ക്ക് കടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച്‌ പ്രതികരിക്കാൻ യു.കെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *