ജനവാസ മേഖലയില്‍ പുലി സാന്നിധ്യം: ആനക്കാംപൊയിലില്‍ നാട്ടുകാര്‍ ഭീതിയില്‍

ആനക്കാംപൊയിലില്‍ ജനവാസ മേഖലയിലെ പുലി സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കി. തിരുവമ്ബാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡില്‍ ഉള്‍പ്പെടുന്ന ആനക്കാംപൊയില്‍ ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വെള്ളിയാഴ്ച വൈകീട്ടും പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാം സൈറ്റിലെ കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വനം വകുപ്പ് പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചു.

പുലി ഭിതിയെ തുടർന്ന് പ്രദേശത്ത് കർഷകർ റബർ ടാപ്പിങ് നിർത്തിവെച്ചു . അതിരാവിലെ ക്ഷീരോല്‍പാദക സംഘത്തില്‍ പാല്‍ അളക്കാൻ പോകുന്നവരും വിദ്യാർഥികളും ആശങ്കയിലാണ്. പുലിയെ മയക്ക് വെടിവെച്ച്‌ കീഴടക്കണമെന്ന് സ്ഥലം സന്ദർശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരമില്ലാത്ത പക്ഷം വനം വകുപ്പ് ഓഫിസിലേക്ക് സമരം സംഘടിപ്പിക്കുമെന്ന് കർഷക കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ജില്ല പഞ്ചായത്തംഗം ബോസ് ജേക്കബ് വനം വകുപ്പ് അധികൃതരുമായി നാട്ടുകാരുടെ ആശങ്ക പങ്കുവെച്ചു.

തിരുവമ്ബാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപ്പറമ്ബില്‍, കർഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്ബനാനി, ലിസി മാളിയേക്കല്‍, രാജു അമ്ബലത്തിങ്കല്‍, മഞ്ജുഷിബിൻ, സജി കൊച്ചുപ്ലാക്കല്‍, ജുബിൻ മണ്ണുകുശുമ്ബില്‍, സജോ പടിഞ്ഞാറെക്കുറ്റ്, ബേബി കൊച്ചു വേലിക്കകത്ത്, ഷിബിൻ കുരിയക്കാട്ടില്‍ എന്നിവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *