ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയില്‍ നക്സലൈറ്റുകള്‍ നടത്തിയ ഐഇഡി സ്ഫോടനത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു.
നാല് സൈനികർക്ക് പരിക്കേറ്റു. സംസ്ഥാന ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹുവും കോണ്‍സ്റ്റബിള്‍ സതേർ സിംഗുമാണ് വീരമൃത്യു വരിച്ചത്.
ടാറെം പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്ദിമർക വനമേഖലയില്‍ ഇന്നലെ രാത്രിയാണ് ഐഇഡി സ്‌ഫോടനം ഉണ്ടായത്. സുരക്ഷാ സേനാംഗങ്ങള്‍ നക്‌സല്‍ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ സൈനികരായ പുരുഷോത്തം നാഗ്, കോമള്‍ യാദവ്, സിയറാം സോറി, സഞ്ജയ് കുമാർ എന്നിവർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്‌ക്കായി റായ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്യും.
ബീജാപൂർ, ദന്തേവാഡ, സുക്മ ജില്ലകള്‍ക്കിടയിലുള്ള അതിർത്തി പ്രദേശത്ത് നക്സലുകളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് അപകടം. എസ്ടിഎഫ്, ജില്ലാ റിസർവ് ഗ്രൂപ്പ് (ഡിആർജി), കമാൻഡോ ബറ്റാലിയൻ എന്നിവയുടെ സംയുക്ത സംഘങ്ങള്‍ റെസല്യൂട്ട് ആക്ഷൻ (കോബ്രാ), സിആര്‍പിഎഫ് തുടങ്ങീ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള സൈനികര്‍ ഓപ്പറേഷനില്‍ പങ്കെടുത്തിരുന്നു.