എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷകളുടെ ചില വിഷയങ്ങളിലെ ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ അന്വേഷണം അദ്ധ്യാപകരിലേക്കും വ്യാപിപ്പിച്ച് ക്രെെംബ്രാഞ്ച്.
എം എസ് സൊല്യൂഷനുമായി സഹകരിച്ച് പ്രവർത്തിച്ച എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു.
എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനലില്‍ ക്ലാസുകള്‍ തയ്യാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എം എസ് സൊല്യൂഷനെതിരെ മുൻപ് പരാതി നല്കിയ സ്കൂള്‍ അധികൃതരുടെയും മൊഴി അന്വേഷണ സംഘമെടുത്തു. എം എസ് സൊല്യൂഷ്യനെ കുറിച്ചുള്ള പരാതി മാത്രമാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുക.
ക്രിസ്മസ് പരീക്ഷയില്‍ എസ്എസ്എല്‍സിയുടെ ഇംഗ്ലീഷ്, പ്ലസ് വണ്ണിന്റെ മാത്തമാറ്റിക്സ് ചോദ്യങ്ങളാണ് യൂട്യൂബിലെത്തിയത്. പരീക്ഷയുടെ തലേന്ന് ചോദ്യം ലീക്കായെന്നും ഉറപ്പായും വരുമെന്നും പറഞ്ഞാണ് അദ്ധ്യാപകൻ ലൈവായി ഈ ചോദ്യങ്ങള്‍ പറഞ്ഞുകൊടുത്തത്. ചോദ്യപേപ്പർ ചാനലില്‍ കാട്ടിയില്ലെങ്കിലും ചോദ്യങ്ങളുടെ ക്രമംപോലും തെറ്റാതെയായിരുന്നു ലൈവ്. വിദ്യാർത്ഥികള്‍ അദ്ധ്യാപകരോട് ഇതില്‍ പലചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ ചോദിച്ചിരുന്നു.
പിറ്റേന്ന് ചോദ്യപേപ്പർ കണ്ടപ്പോള്‍ സംശയംതോന്നിയ അദ്ധ്യാപകരാണ് ചോർച്ച പുറത്തുവിട്ടത്. പിന്നാലെ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ പൊലീസില്‍ പരാതിനല്‍കി. വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിക്കും സൈബർ സെല്ലിലും പരാതി നല്‍കുകയായിരുന്നു. ഈ പരാതി ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.