പുഷ്പ 2വിന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി നടൻ അല്ലു അർജുൻ ഹൈദരാബാദ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
രാവിലെ 11 മണിയോടെയാണ് ചിക്കഡ്‌പ്പള്ളി സ്റ്റേഷനിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് കഴിഞ്ഞദിവസം നോട്ടീസ് കൈമാറിയത്.
ഡിസംബർ നാലിനാണ് പുഷ്പ 2വിന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററില്‍ തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദില്‍ഷുക്‌നഗർ സ്വദേശി രേവതിയാണ് (39) മരിച്ചത്. തിക്കും തിരക്കും ഉണ്ടാക്കി എന്നാരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്റ് അംഗങ്ങളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13ന് വൈകിട്ടാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ തെലങ്കാന ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ തന്നെ താരം പുറത്തിറങ്ങിയിരുന്നു.
അതിനിടെ, പുഷ്‌പ 2: ദി റൂളിലെ ഒരു രംഗത്തിന്റെ പേരില്‍ നടൻ അല്ലു അർജുൻ, ചിത്രത്തിന്റെ നിർമാതാക്കള്‍, സംവിധായകൻ എന്നിവർക്കെതിരെ പൊലീസില്‍ പരാതി. കോണ്‍ഗ്രസ് നേതാവ് തീൻമാർ മല്ലനയാണ് അല്ലു അർജുൻ, സംവിധായകൻ സുകുമാർ ഉള്‍പ്പെടെയുള്ളവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് ഓഫീസർ സ്വിമ്മിംഗ് പൂളിലായിരിക്കെ അല്ലു അർജുൻ അവതരിപ്പിച്ച പുഷ്‌പ എന്ന കഥാപാത്രം അതില്‍ മൂത്രമൊഴിക്കുന്ന രംഗമാണ് പരാതിക്ക് ആധാരം. രംഗം അധിക്ഷേപകരവും നിയമപാലകരുടെ അന്തസിനെ അപമാനിക്കുന്നതാണെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.