ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകര്‍ക്ക് കുറ്റമറ്റ സൗകര്യമൊരുക്കാന്‍ റെയില്‍വെ

 ശബരിമലയുടെ പ്രവേശനകവാടമായ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മണ്ഡലകാലത്ത് കുറ്റമറ്റ സൗകര്യമൊരുക്കുമെന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ മനീഷ് തപ്ലിയാല്‍.

ശബരിമല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച്‌ ചെങ്ങന്നൂരില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വെയുടെ മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കൂടി 50 ശുചിമുറികള്‍ സജ്ജമാക്കും. മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളുടെ എണ്ണം കൂട്ടും. ബിഎസ്‌എന്‍എലുമായി സഹകരിച്ച്‌ ഇന്റര്‍നെറ്റ് സേവനം സുഗമമാക്കും. സന്നദ്ധ സംഘടനകള്‍ക്ക് സ്റ്റേഷന്‍ പരിസരത്ത് സേവനകേന്ദ്രങ്ങള്‍ തുറക്കാന്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കണമെന്ന ആവശ്യം റെയില്‍വെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് അനുഭാവപൂര്‍വ്വം പരിഗണിക്കും.

റെയില്‍വെ സ്റ്റേഷനിലെ ഡ്രെയിനേജ് സംവിധാനം പൂര്‍ണമായും നഗരസഭയ്‌ക്ക് കൈമാറും. വൈദ്യുതി വിതരണത്തിന് തടസം സൃഷ്ടിക്കുന്ന മരച്ചില്ലകള്‍ നീക്കും. എല്ലായിടത്തും സിസിടിവികള്‍ സ്ഥാപിക്കും.

വിവിധ വകുപ്പുകള്‍ ഉന്നയിച്ചിരിക്കുന്ന നിര്‍ദേശങ്ങളും പരാതികളും റെയില്‍വെ ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും ഡിവിഷനല്‍ മാനേജര്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗീസ്, ആര്‍ഡിഒ മോബി ജെ, ഡിവൈഎസ്പി ബിനുകുമാര്‍, റെയില്‍വെ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ വൈ. ശെല്‍വന്‍, വാട്ടര്‍ അതോറിട്ടി, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, അയ്യപ്പസേവാസംഘം പ്രതിനിധികളും പങ്കെടുത്തു.

യോഗത്തില്‍ ഉയര്‍ന്ന പ്രധാനാവശ്യങ്ങള്‍

തീര്‍ത്ഥാടനകാലത്ത് ട്രെയിനുകള്‍ നിര്‍ത്തിയിടുന്ന സമയം മൂന്നു മിനിട്ടില്‍ നിന്ന് അഞ്ച് മിനിട്ടായി ഉയര്‍ത്തുക, സ്പെഷ്യല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ എല്ലാ ട്രെയിനുകള്‍ക്കും ചെങ്ങന്നൂരില്‍ ശബരിമല സീസണില്‍ സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനില്‍ പാഴ്സല്‍ സര്‍വീസ് കേന്ദ്രം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും യോഗത്തില്‍ ഉയര്‍ന്നത്. തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് അയ്യപ്പ സേവാ സമാജം പ്രതിനിധി രാധാകൃഷ്ണന്‍ പാണ്ടനാട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *