ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. ഇനിയും കണ്ടെത്താനുള്ള 118 പേര്‍ക്കായുള്ള തിരച്ചിലിന്റെ ഭാഗമായി നിലമ്ബൂര്‍ മേഖലയില്‍ പരിശോധന നടക്കും.
പുഞ്ചിരി മട്ടം, മുണ്ടക്കൈ ചൂരല്‍മല മേഖലകളിലും തിരച്ചില്‍ തുടരാനാണ് തീരുമാനം. അതേസമയം ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ മേപ്പാടിയില്‍ അദാലത്ത് സംഘടിപ്പിക്കും.
ഉരുള്‍പൊട്ടലില്‍ മണ്ണ് അടിഞ്ഞു നികന്ന പുഴയ്ക്ക് ഇരുവശവും കേന്ദ്രീകരിച്ചായിരിക്കും ഇനി തിരച്ചില്‍ നടത്തുക. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍ പാറ വരെയുള്ള ഭാഗത്താണ് കൂടുതല്‍ തിരച്ചില്‍ നടത്തുക. ഇതുവരെ ലഭിച്ച 212 ശരീര ഭാഗങ്ങളില്‍ 173ഉം ലഭിച്ചത് നിലമ്ബൂര്‍ മേഖലയില്‍ നിന്നാണ്. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം കണ്ടെടുത്തതും നിലമ്ബൂര്‍ മേഖലയില്‍ നിന്നു തന്നെയാണ്. 5 സെക്ടറുകള്‍ ആയി തിരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ റിസല്‍ട്ട് പൂര്‍ണമായും അടുത്ത ദിവസങ്ങളില്‍ ലഭ്യമാകും.