വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് നിർമാണം ആരംഭിക്കുന്നതിനു സമ്മർദം ചെലുത്തുമെന്ന് ലിന്റോ ജോസഫ് എംഎല്‍.എ പറഞ്ഞു.
വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കുക, ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബൈപാസ് റോഡ് ആക്ഷൻ കമ്മിറ്റി അടിവാരത്ത് നടത്തിയ ജനകീയ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് സംഗമത്തില്‍ നിവേദനം നല്‍കി. ചുരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ മനസ്സിലാക്കിയ പ്രിയങ്ക ബൈപാസ് നിർമാണത്തിന് പ്രധാന പരിഗണന നല്‍കുമെന്ന് പറഞ്ഞു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു. കണ്‍വീനർ ടി.ആർ.ഒ. കുട്ടൻ, എല്‍.ഡി.എഫ് സ്ഥാനാർഥി പ്രതിനിധി ടി.എം. പൗലോസ്, എൻ.ഡി.എ സ്ഥാനാർഥി പ്രതിനിധി ഗിരീഷ് തേവള്ളി, വയനാട് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, വയനാട് ടൂറിസം അസോസിയേഷൻ ചെയർമാൻ കെ.പി. സൈതലവി, ബിജു താന്നിക്കാംകുഴി, രാജേഷ് ജോസ്, ഷാഫി വളഞ്ഞപാറ എന്നിവർ സംസാരിച്ചു.