ചിഡോ ചുഴലിക്കാറ്റ്: തകര്‍ന്നടിഞ്ഞ് ഫ്രാൻസിലെ മയോട്ട് ദ്വീപ്; നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ് വിഴുങ്ങി ചിഡോ ചുഴലിക്കാറ്റിന്‍റെ താണ്ഡവം. കാറ്റടിച്ചു തകർന്ന ദ്വീപില്‍ നൂറിലധികം പേർ മരിച്ചതായും 32000 വരുന്ന ദ്വീപ് നിവാസികള്‍ ഭക്ഷണവും വെള്ളവും മരുന്നും കിട്ടാതെ കഷ്ടപ്പെടുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട് ചെയ്തു.

കഴിഞ്ഞ 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ. മരണ സംഖ്യ ഉയരുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും യുദ്ധ കാലാടിസ്ഥാനത്തില്‍ തുടരുകയാണ്. മണിക്കൂറില്‍ 225 കിലോമീറ്റർ വേഗതയില്‍ എത്തിയാണ് ചിഡോ മയോട്ട് ദ്വീപിനെ തകർത്തെറിഞ്ഞത്. നിരവധി വീടുകളും ആശുപത്രികളും സ്കൂളുകളും തകർന്നു. നിലവില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ വെല്ലുവിളി നേരിടുന്ന ദ്വീപിനെ ചുഴലിക്കാറ്റ് കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

ദ്വീപിലേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് ഫ്രാൻസ് അറിയിച്ചു. വൈദ്യുതി വിതരണത്തിലെ തടസം രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്. കുടിവെള്ളം തീർന്നിട്ട് ദിവസങ്ങളായെന്നും ജീവിതം വഴി മുട്ടി നില്‍ക്കുകയാണെന്നും മയോട്ട് നിവാസികളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നാട് മൊത്തം കാറ്റില്‍ പറന്നു പോകുന്നത് സ്വന്തം കണ്ണ് കൊണ്ട് കാണേണ്ടി വന്നെന്ന് മറ്റൊരാള്‍ പറയുന്നു.

ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിന്ന് ഏകദേശം 8,000 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മയോട്ട് ദ്വീപസമൂഹം രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെ ദരിദ്രരായ ആളുകള്‍ ജീവിക്കുന്നയിടമാണ്. ഫ്രാൻസിന്‍റെ ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലോ ഇന്ന് മയോട്ടിലേക്ക് പോകുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കൂടെ സൈനികരും അഗ്നിശമന സേനാംഗങ്ങളും ദ്വീപില്‍ രക്ഷാപ്രവർത്തനത്തിനായി എത്തും.

Leave a Reply

Your email address will not be published. Required fields are marked *