ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് ചാലിശ്ശേരിയിലെ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി.ശനിയാഴ്ച ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ മുന്നോടിയായാണ് കലവറ നിറയ്ക്കൽ ചടങ്ങ് നടന്നത്.തന്ത്രി ശ്രേഷ്ഠൻ തന്ത്രരത്നം ബ്രഹ്മശ്രീ തോട്ടുപുറം കണ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രത്തിൽ നടന്ന “കലവറ നിറയ്ക്കൽ” ചടങ്ങിന് വലിയ ഓട്ടുരുളിയിൽ ആദ്യ ദ്രവ്യം സമർപ്പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചത് പൗര പ്രമുഖനും,ചാലിശ്ശേരി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമായ പി.വി.ഉമ്മർ മൗലവി ആണ്.
അന്നത്തിന് ജാതിയോ, മതമോ മറ്റു വേർതിരിവുകളോ ഇല്ലെന്നും വിശക്കുന്നവന് ഭക്ഷണം നല്കുക ഏറ്റവും ശ്രേഷ്ഠമായ പുണ്യകർമ്മമാണ് എന്നതാണ് ഏതൊരു മതവും പഠിപ്പിക്കുന്നത് എന്നും ദ്രവ്യം സമർപ്പിച്ചുകൊണ്ട് പി.വി.ഉമ്മർ മൗലവി പറഞ്ഞു.ഈശ്വര സേവയോടൊപ്പം മാനവ സേവയും,ഈ ലോകത്തെ മറ്റ് ചരാചരങ്ങളോടും സ്നേഹവും ദൈവവും കാണിക്കുക എന്നതും പുരാണ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത് അന്വർത്ഥമാക്കുക എന്നത് ഈശ്വര ഭജനയോടൊപ്പം പ്രധാനമാണ് എന്ന് തന്ത്രരത്നം കണ്ണൻ നമ്പൂതിരി പറഞ്ഞു.തന്ത്രിമാരായ പാലക്കാട്ടിരി ബ്രഹ്മശ്രീ ശങ്കരൻ നമ്പൂതിരി, ബ്രഹ്മശ്രീ ജയൻ നമ്പൂതിരി,മേൽശാന്തി കുന്നത്തു മന അപ്പു നമ്പൂതിരി, പ്രതിഷ്ഠാദിന ആഘോഷ കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ,ഭക്തജനങ്ങൾ നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ശനിയാഴ്ച നടക്കുന്ന പ്രതിഷ്ഠാ ദിനത്തിൽ രാവിലെ ഗണപതിഹോമം,നവകം,പഞ്ചഗവ്യം,കലശ പൂജ,വിശേഷാൽ പൂജകൾ,കലശാഭിഷേകം എന്നിവയും ഉച്ചക്ക് പ്രസാദ ഊട്ടും വൈകിട്ട് സർപ്പബലി എന്നിവ ക്ഷേത്രത്തിൽ നടക്കും.സർപ്പബലിക്ക് ശേഷം പടിഞ്ഞാറെ പട്ടിശ്ശേരി “കൃഷ്ണകൃപ”,” “ശിവ പാർവ്വതി” കവുക്കോട് ഗ്രൂപ്പുകളുടെ തിരുവാതിരക്കളി, പെരുമണ്ണൂർ “നീലാംബരി” ഗ്രൂപ്പിന്റെ കോൽക്കളി ,”നക്ഷത്ര” കവുക്കോട് ഗ്രൂപ്പിന്റെ കൈകൊട്ടിക്കളി, കുട്ടികളുടെ നൃത്ത-നൃത്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും എന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ജാതി-മത ഭേദമന്യേ ഏവരും പ്രസാദ ഊട്ടിൽ പങ്കെടുത്ത് ദേശത്തിന്റെ മതേതര പൈതൃകത്തിന്റെ ഭാഗമാകണമെന്ന് ഏവരെയും പ്രസാദ ഊട്ടിലേക്കും മറ്റു പരിപാടികളിലേക്കും സ്വാഗതം ചെയ്തുകൊണ്ട് ആഘോഷ കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം അഭ്യർത്ഥിച്ചു.