ചാലിശ്ശേരി:
വളർത്തു പൂച്ചയെ വാങ്ങിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് വീട്ടമ്മയെ ആക്രമിച്ച് മാല കവർന്നെടുക്കാൻ ശ്രമം. സംഭവത്തിൽ പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ ചാലിശ്ശേരി മുക്കൂട്ട കമ്പനി പടി പള്ളിക്കര വീട്ടിൽ പരേതനായ ബാലൻ്റെ ഭാര്യ പുഷ്പ (67) ക്കാണ് പരിക്കേറ്റത്.
കഴുത്തിലും തലയിലും വെട്ടേറ്റ നിലയിൽ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ചാലിശേരി
പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഇരുപത്തിയെട്ടുകാരനായ നൗഫലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. പുഷ്പ വളർത്തുന്ന പൂച്ചയെ വാങ്ങിക്കാനെന്ന വ്യാജേനയാണ് യുവാവ് പുഷ്പയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീടിൻ്റെ പിറകിൽ തേങ്ങ കൂട്ടിയിട്ടിരിക്കുന്നയിടത്ത് പാമ്പുണ്ടെന്നും അതിനെ തല്ലികൊല്ലാൻ വടി വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വടി
വെട്ടിക്കൊടുക്കുകയും ചെയ്തു. ഈ വടിയും പുഷ്പയുടെ കൈയിലുണ്ടായിരുന്ന ആയുധവും കൈവശപ്പെടുത്തിയ നൗഫൽ വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. ഭയന്ന് ഉറക്കെ നില വിളിച്ചതോടെ നൗഫൽ ഓടിരക്ഷപ്പെട്ടു. ഈ സമയത്ത് ഇവർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കസ്റ്റഡിയിലായ യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലിസ് വ്യക്തമാക്കി.