മുസ്ലിം വിരുദ്ധ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് പറഞ്ഞു.
‘ജനം ടിവി’ ചർച്ചയില്‍ പങ്കെടുത്തായിരുന്നു പി.സി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാല്‍ അവൻ തീവ്രവാദിയായിരിക്കും. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം നടക്കുമ്ബോള്‍ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍. ഇന്ത്യയോട് താത്പര്യമില്ലെങ്കില്‍ പാകിസ്താനില്‍ പോടെ എന്നും ജോർജ് പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ജനം ടിവിയില്‍ നടന്ന ചാനല്‍ ചർച്ചയില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോള്‍ ഞാൻ പറഞ്ഞ മറുപടിയില്‍ ഇന്ത്യയിലെ മുഴുവൻ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അർത്ഥം കടന്നു വന്നതായി ശ്രദ്ധയില്‍പെട്ടു.
ഇന്ത്യ മഹാരാജ്യത്തെ മുഴുവൻ മുസ്ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാൻ നിരുപാധികം പിൻവലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു.
എന്നാല്‍ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ അവർക്കിടയില്‍ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാൻ ശക്തമായി എതിർക്കുകയും ചെയ്യും.